വിമർശനങ്ങളുടെ അഗ്നിനാളങ്ങളിൽ നിന്നും ചിറകടിച്ചു പയർന്നുയർന്ന ഫീനിക്‌സ് പക്ഷി, ഐഎസ്എല്ലിൽ ദിമിത്രിയോസിന്റെ ഗോളടിമേളം | Dimitrios

കഴിഞ്ഞ സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമ്പോൾ ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസിനു തെളിയിക്കാൻ ഒരുപാടുണ്ടായിരുന്നു. അതിനു മുൻപത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ അൽവാരോ വാസ്‌ക്വസ്, പെരേര ഡയസ് എന്നിവർക്ക് പകരക്കാരനായി മികച്ച പ്രകടനം നടത്തുകയെന്നതായിരുന്നു ദിമിത്രിയോസിനു മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളി.

ആദ്യത്തെ നാല് മത്സരങ്ങളിലും ഗോൾ നേടാൻ കഴിയാതിരുന്നതോടെ ദിമിത്രിയോസിന്റെ കഴിവിൽ പലരും സംശയങ്ങൾ പ്രകടിപ്പിച്ചു. എന്നാൽ അതിനു ശേഷം ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ താരം ഉയർത്തെഴുന്നേറ്റു വരുന്നതാണ് ആരാധകർ കണ്ടത്. അതിനു ശേഷമുള്ള പതിനാറു മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകൾ അടിച്ചു കൂട്ടിയ താരം തന്റെ മേൽ ഏൽപ്പിച്ച ചുമതല വളരെ ഭംഗിയായി നിറവേറ്റി ആരാധകരുടെ മനസ് കീഴടക്കുന്നതാണ് കണ്ടത്.

ഈ സീസണിന്റെ തുടക്കത്തിൽ ദിമിത്രിയോസ് ഗോളുകൾ നേടിയിരുന്നെങ്കിലും താരത്തിനെതിരെ ചെറിയ തോതിലുള്ള വിമർശനങ്ങൾ ഉണ്ടായിരുന്നു. തളികയിലെന്ന പോലെയുള്ള പാസുകൾ നൽകിയാൽ മാത്രമേ ദിമിത്രിയോസിനു ഗോളുകൾ നേടാൻ കഴിയൂവെന്നും കൂടുതൽ അധ്വാനിക്കുന്നില്ലെന്നും ആരാധകർ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സീസൺ പകുതി പിന്നിടുമ്പോൾ വീണ്ടും ആരാധകരുടെ മനസു കവർന്നു നിൽക്കുകയാണ് മുപ്പതുകാരനായ ഗ്രീക്ക് താരം.

കഴിഞ്ഞ സീസണിൽ രണ്ടോ മൂന്നോ ഗോളുകൾ കൂടി നേടാൻ കഴിഞ്ഞിരുന്നെങ്കിൽ ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ ദിമിത്രിയോസിനു കഴിയുമായിരുന്നു. അതിനു കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ താരം നടത്തുന്ന പ്രകടനം ലീഗിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ സാധ്യതയുള്ളതാണ്. നിലവിൽ ഏഴു ഗോളുകളുമായി ലീഗ് ടോപ് സ്‌കോറർ ദിമിത്രിയോസാണ്. അതിനു പുറമെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ദിമിത്രിയോസ് തന്റെ നേതൃഗുണവും കളിക്കളത്തിൽ പ്രകടിപ്പിക്കുന്നു. യുവതാരമായ പെപ്രയെ മികച്ച ഫോമിലേക്ക് എത്തിക്കാനുള്ള നിർദ്ദേശം നൽകാനും അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാനും താരത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. ലൂണയുടെ അഭാവത്തിലും ടീം മുന്നേറുമ്പോൾ അവിശ്വസനീയമായ ഗോളുകളുമായി ദിമിത്രിയോസ് കൂടുതൽ മികവ് കാണിക്കുന്നുമുണ്ട്.

Dimitrios Top Scorer Of ISL This Season