ഈ ചേർത്തുപിടിക്കലിലുള്ള സ്നേഹം ബ്ലാസ്റ്റേഴ്‌സിന്റെ ഫോമിൽ നിർണായകമാണ്, ലൂണയുടെ അഭാവമറിയിക്കാതെ ലെസ്‌കോവിച്ചിന്റെ നായകവേഷം | Marko Leskovic

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ ഫോം ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ മോശം ഫോമിലേക്ക് വീഴുമെന്ന് പ്രതീക്ഷിച്ച ടീമാണ് ഇപ്പോൾ ആരെയും തകർക്കാൻ കഴിയുന്ന ശക്തിയായി മാറിയിരിക്കുന്നത്. ലൂണയില്ലാതെ പഞ്ചാബ് എഫ്‌സിക്കെതിരെ നേടിയ വിജയം ഒരു ചെറിയ ടീമിനോടു സ്വാഭാവികമായും നേടാൻ കഴിയുന്ന ഒന്നായി വിലയിരുത്തപ്പെട്ടെങ്കിലും അതിനു ശേഷം നടന്ന മത്സരങ്ങളിൽ രണ്ടു വമ്പൻ ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സ് നിഷ്പ്രഭമാക്കിയത്.

അഡ്രിയാൻ ലൂണയെന്ന നായകൻറെ അഭാവത്തിൽ ഇറങ്ങിയ മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം കൃത്യമായി പരിശോധിച്ചാൽ അതിൽ മാർകോ ലെസ്കോവിച്ചെന്ന ക്രൊയേഷ്യൻ താരത്തിന്റെ സാന്നിധ്യം വളരെ നിർണായകമായ ഒന്നാണ്. ഡ്രിഞ്ചിച്ചിന്റെ വരവോടെ പ്രതിരോധനിരയിൽ സ്ഥാനം നഷ്‌ടമായ താരത്തിൽ നിന്നും ലൂണ പോയതോടെ പിഴവുകളില്ലാതെ ടീമിനെ നയിച്ച് വിജയം നേടിക്കൊടുക്കുന്ന യഥാർത്ഥ നായകനായി ലെസ്‌കോവിച്ച് മാറിയിട്ടുണ്ട്.

മുപ്പത്തിരണ്ടുകാരനായ, യൂറോപ്യൻ ടൂർണമെന്റുകളിൽ അടക്കം കളിച്ചിട്ടുള്ള ലെസ്‌കോവിച്ച് തന്റെ പരിചയസമ്പത്ത് കളിക്കളത്തിൽ കൃത്യമായി വിനിയോഗിക്കുന്നത് ഓരോ മത്സരങ്ങളിലും കാണാൻ കഴിയും. പ്രതിരോധത്തെ മികച്ച രീതിയിൽ നയിക്കുന്നതിനു പുറമെ ടീമിലെ ഓരോരുത്തരുടെയും പൊസിഷനിങ്ങും അവർ ആരെയൊക്കെ മാർക്ക് ചെയ്യണമെന്നും താരത്തിന് ധാരണയുണ്ട്. അതുകൊണ്ടു തന്നെ ആരെങ്കിലും എന്തെങ്കിലും പിഴവുകൾ വരുത്തിയാൽ ഉടനെ അതിലിടപെട്ടു തിരുത്താൻ ലെസ്കോക്ക് കഴിയുന്നു.

മത്സരത്തിനിടയിൽ ലെസ്‌കോവിച്ച് നൽകുന്ന ഈ നിർദ്ദേശങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് പിഴവുകൾ ഇല്ലാതെ കളിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ ക്ലബുകൾക്കെതിരെ നടന്ന മത്സരങ്ങൾ പരിശോധിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വരുത്തിയ പിഴവുകൾ വളരെ കുറവായിരുന്നു. യുവതാരങ്ങൾ നിറഞ്ഞ ഒരു മധ്യനിരയെ കൃത്യമായി നയിക്കാനും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ക്രൊയേഷ്യൻ താരം സഹായിക്കുന്നു.

തങ്ങളുടെ വല്യേട്ടനായ ലെസ്‌കോവിച്ചിന്റെ വാക്കുകൾ ഓരോ താരങ്ങളും അനുസരിച്ച്, മുഖവിലക്കെടുത്ത് പിഴവുകൾ തിരുത്താൻ തയ്യാറാകുന്നു. ശാസനയും നിർദ്ദേശങ്ങളും മാത്രമല്ല, മികച്ച പ്രകടനം നടത്തിയാൽ താരങ്ങളെ അഭിനന്ദിക്കാനും ലെസ്‌കോവിച്ച് മുന്നിലുണ്ട്. ഇന്നലത്തെ മത്സരത്തിന് ശേഷം യുവതാരങ്ങളെ താരം പ്രത്യേകം ചേർത്തു പിടിച്ചത് അവർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതുകൊണ്ടു തന്നെ ടീമിന്റെ ഇപ്പോഴത്തെ ഫോമിൽ താരത്തിന്റെ പങ്ക് വളരെ വലുതാണ്.

Marko Leskovic Showing His Leadership Quality