മോഹൻ ബഗാനെതിരായ ചരിത്രവിജയത്തിലും ഇവാൻ വുകോമനോവിച്ചിന് നിരാശ, ആശാൻ പറയുന്നതിലും കാര്യമുണ്ട് | Vukomanovic

മോഹൻ ബഗാനെതിരെ ചരിത്രവിജയമാണ് ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയതെങ്കിലും മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പുലർത്തിയ ആധിപത്യം വളരെ വലുതായിരുന്നു. പന്ത് കൂടുതൽ കൈവശം വെച്ചു കളിച്ച മോഹൻ ബഗാനെതിരെ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെതിരെ വിജയം നേടുന്നത്. അത് കൊൽക്കത്തയിൽ അവരുടെ മൈതാനത്ത് വെച്ച് തന്നെയായി എന്നത് ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ മാധുര്യവും ആരാധകർക്ക് ആവേശവും നൽകുന്ന കാര്യമാണ്. അതിനു പുറമെ യുവാൻ ഫെറാണ്ടോയെന്ന പരിശീലകനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം നേടുന്ന ആദ്യത്തെ വിജയം കൂടിയായിരുന്നു ഇന്നലെ നടന്ന മത്സരത്തിൽ പിറന്നത്.

അതിനു പുറമെ ഇന്ത്യൻ സൂപ്പർ ലീഗിൽ നേരിട്ട എല്ലാ ക്ലബുകൾക്കെതിരെയും വിജയം നേടാൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് ഇന്നലത്തെ മത്സരത്തോടെ കഴിഞ്ഞു. എന്നാൽ ഈ നേട്ടങ്ങളുടെ ഇടയിലും അദ്ദേഹം തന്റെ നിരാശ വെളിപ്പെടുത്തുകയുണ്ടായി. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് വമ്പൻ അവസരങ്ങൾ തുറന്നെടുത്തിട്ടും അതൊന്നും ഗോളാക്കി മാറ്റി വിജയം കൂടുതൽ മികച്ചതാക്കാൻ കഴിയാഞ്ഞതാണ് അദ്ദേഹത്തിന് വലിയ നിരാശ നൽകിയത്.

“ഏതാനും അവസരങ്ങൾ കൂടി ഞങ്ങൾക്ക് ഗോളാക്കി മാറ്റാൻ തീർച്ചയായും കഴിയുമായിരുന്നു. ആ വശത്തു നിന്നും ചിന്തിക്കുമ്പോൾ ഞാൻ നിരാശനാണ്. എന്നാൽ കഴിഞ്ഞ മൂന്നു മത്സരങ്ങൾ കൈകാര്യം ചെയ്‌ത രീതി നോക്കുമ്പോൾ ഈ ടീമിനെയോർത്ത് നമ്മൾ അഭിമാനിക്കണം. വെല്ലുവിളികളുടെയും പരിക്കുകളുടെയും പ്രധാന താരങ്ങളുടെ അഭാവത്തിലും മത്സരസ്വഭാവം നിലനിർത്താനും മികച്ച ഫലങ്ങളുണ്ടാക്കാനും കഴിഞ്ഞു.” മത്സരത്തിന് ശേഷം പരിശീലകൻ പറഞ്ഞു.

ഇവാൻ വുകോമനോവിച്ചിന്റെ നിരാശ സ്വാഭാവികമാണ്. ഇന്നലത്തെ മത്സരത്തിൽ നിരവധി വമ്പൻ അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുലച്ചു കളഞ്ഞിരുന്നു. ഗോളി മാത്രം മുന്നിൽ നിൽക്കെ ബ്ലാസ്റ്റേഴ്‌സ് തുലച്ചു കളഞ്ഞ അവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ മോഹൻ ബഗാൻ സ്വന്തം മൈതാനത്ത് നാണം കെടുമായിരുന്നു. ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കാൻ കൂടി താരങ്ങൾക്ക് കഴിഞ്ഞാൽ ഈ സീസണിൽ കൊമ്പന്മാർ തന്നെയാകും കിരീടം നേടുക.

Vukomanovic Disappointed About Missed Chances