മോഹൻ ബഗാൻ പ്രതിരോധത്തെ നോക്കുകുത്തിയാക്കി മലയാളി താരങ്ങളുടെ ടിക്കി-ടാക്ക, ഗോളാകാതിരുന്നത് നിർഭാഗ്യം കൊണ്ട് | Kerala Blasters

മോഹൻ ബഗാന്റെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് പൂർണമായും ആധിപത്യം സ്ഥാപിച്ചാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിജയം നേടിയത്. മത്സരത്തിന് മുൻപ് ബ്ലാസ്റ്റേഴ്‌സ് സമനിലയെങ്കിലും നേടിയാൽ അതൊരു നേട്ടമാണെന്ന് കരുതിയിരുന്ന ആരാധകർക്ക് ടീം പുലർത്തിയ ആധിപത്യം വലിയ ആവേശമാണ് നൽകിയത്. മത്സരത്തിൽ നിരവധി സുവർണാവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ ടീമിന് കഴിയാതിരുന്നത് വിജയം ഒരു ഗോളിൽ മാത്രമായി ഒതുക്കി.

മോഹൻ ബഗാനെ അപേക്ഷിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചതെങ്കിലും മത്സരത്തിൽ കൂടുതൽ അവസരങ്ങൾ തുറന്നെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച അവസരങ്ങൾ ഉണ്ടാക്കിയ ബ്ലാസ്റ്റേഴ്‌സിന് അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നില്ല. അതിനിടയിൽ ഏഴാം മിനുട്ടിൽ മലയാളി താരമായ അയ്‌മനും രാഹുൽ കെപിയും ചേർന്ന് നടത്തിയ ഒരു മനോഹരമായ പാസിംഗ് നീക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

അസ്ഹറിൽ നിന്നും പന്ത് സ്വീകരിച്ച് രാഹുൽ കെപി അത് അയ്‌മനു കൈമാറി. തന്റെ മുന്നിലുള്ള മോഹൻ ബഗാൻ താരത്തെ ഒന്നു വെട്ടിച്ചതിനു ശേഷം മുന്നേറിയ പന്ത് തിരികെ രാഹുൽ കെപിക്ക് തന്നെ അയ്‌മൻ നൽകി. പന്ത് നൽകിയ ശേഷവും റണ്ണിങ്ങിലുള്ള അയ്‌മന് അതൊരു വൺ ടച്ച് പാസിലൂടെ രാഹുൽ കെപി തിരികെ നൽകി. അതുമായി ബോക്‌സിലേക്ക് മുന്നേറിയ അയ്‌മനു നേരിട്ട് ഷോട്ടുതിർക്കാണ് അവസരമുണ്ടായിരുന്നെങ്കിലും താരം അതിനു മുതിർന്നില്ല.

തൊട്ടടുത്ത് കൂടി ഓടുന്ന രാഹുലിന് അതൊരു ഓപ്പൺ ചാൻസ് ആകുമെന്ന് മനസിലാക്കി അയ്‌മൻ അത് കൈമാറി. എന്നാൽ അത് ഷോട്ടുതിർക്കാൻ കഴിയും മുൻപേ രാഹുൽ കെപി വീണതിനാൽ ആ ചാൻസ് ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായി. വെറും പത്ത് സെക്കൻഡുകൾ കൊണ്ട് രണ്ടു താരങ്ങൾ മാത്രം ചേർന്ന് മോഹൻ ബഗാൻ പ്രതിരോധത്തെ മുഴുവൻ നിഷ്പ്രഭമാക്കുന്നതാണ്‌ അവിടെ കണ്ടത്. ബാഴ്‌സലോണയുടെ ടിക്കി-ടാക്ക ഗെയിമുമായി അതിനു വലിയ സാദൃശ്യവുമുണ്ടായിരുന്നു.

അത് ഗോളായി മാറിയിരുന്നെങ്കിൽ ഈ സീസണിൽ ഐഎസ്എല്ലിൽ പിറന്ന ഏറ്റവും മനോഹരമായ ഗോളുകളിൽ ഒന്നായി അത് മാറുമായിരുന്നു. എന്നാൽ രാഹുൽ കെപിക്ക് അതിനു കഴിഞ്ഞില്ല. എങ്കിലും മലയാളി താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം ആ നീക്കത്തിൽ നിന്നും വ്യക്തമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏതു പ്രതിരോധത്തെയും തകർക്കാൻ ഈ താരങ്ങൾക്ക് കഴിയുമെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.

Kerala Blasters Players Toyed Mohun Bagan Defence