ദിമിത്രിയോസ് ഗോളടിച്ച മത്സരത്തിൽ ഹീറോയായത് മലയാളി താരം, ടീമിന്റെ നട്ടെല്ലായി മാറാൻ കഴിയുമെന്ന് തെളിയിച്ച് അസ്ഹർ | Mohammed Azhar

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ മത്സരത്തിൽ ടീമിലെ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. മത്സരം പത്ത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ദിമിത്രിയോസ് നേടിയ മനോഹരമായ ഗോളിൽ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം തൊണ്ണൂറു മിനുട്ടും ആ ഗോൾ പ്രതിരോധിച്ചാണ്‌ ചരിത്രത്തിൽ ആദ്യമായി മോഹൻ ബഗാനെതിരെ വിജയം നേടിയത്. ആ വിജയം അവരുടെ മൈതാനത്താണ് നേടിയതെന്നത് കൂടുതൽ സന്തോഷം നൽകുന്നു.

ദിമിത്രിയോസിന്റെ ഒരു ഒറ്റയാൾ നീക്കത്തിൽ നേടിയ ഗോളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വിജയം നൽകിയതെങ്കിലും മത്സരത്തിൽ ഹീറോയായ പ്രകടനം നടത്തിയത് മലയാളി താരമായ മുഹമ്മദ് അസ്ഹർ ആയിരുന്നുവെന്നതിൽ സംശയമില്ല. വിബിൻ മോഹനനു പരിക്കേറ്റതിനാൽ ആദ്യ ഇലവനിൽ ഉൾപ്പെട്ട താരം മോഹൻ ബഗാൻ മധ്യനിരക്കു മേൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ടീമിനെ സഹായിച്ചു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ പങ്കു വഹിക്കാൻ അസ്ഹറിന് കഴിഞ്ഞു.

എണ്പത്തിയൊമ്പത് മിനുട്ട് കളിക്കളത്തിൽ ഉണ്ടായിരുന്ന അസ്ഹർ ശ്രമം നടത്തിയ 36 പാസുകളിൽ 34 എണ്ണവും കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിക്കുകയുണ്ടായി. 94 ശതമാനം പാസിംഗ് കൃത്യത മധ്യനിരയിൽ കളിക്കുന്ന ഒരു ഇരുപതുകാരൻ മോഹൻ ബഗാനെപ്പോലൊരു ടീമിനെതിരെ പൂർത്തിയാക്കിയെന്നതു തന്നെ താരത്തിന്റെ മികവ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. അതിനു പുറമെ മൂന്നു കീ പാസുകൾ നൽകിയ താരം ഒരു വമ്പൻ അവസരം സൃഷ്‌ടിക്കുകയും ചെയ്‌തു.

രണ്ടു ഡ്രിബിൾ ശ്രമത്തിലും കൃത്യമായി വിജയിച്ച അസ്ഹർ പ്രതിരോധത്തിലും പ്രധാന പങ്കു വഹിച്ചു. ഒരു ഷോട്ട് ബ്ലോക്ക് ചെയ്‌ത താരം പതിമൂന്നു ഗ്രൗണ്ട് ഡുവൽസിൽ പത്തെണ്ണത്തിലും വിജയം നേടുകയുണ്ടായി. അതിനു പുറമെ എട്ടു ടാക്കിളുകൾ, നാല് ഇന്റർസെപ്‌ഷൻസ് ഒരു ക്ലിയറൻസ് എന്നിങ്ങനെ എല്ലാ രീതിയിലും അവിശ്വസനീയമായ പ്രകടനമാണ് മോഹൻ ബഗാനെതിരായ മത്സരത്തിൽ താരം നടത്തിയത്. അടുത്ത മത്സരത്തിലും താരം ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി.

വെറും ഇരുപത് വയസ് മാത്രം പ്രായമുള്ള ഒരു താരമാണ് ഹ്യൂഗോ ബൗമസ്, ദിമിത്രി പെട്രാറ്റോസ് തുടങ്ങിയ വമ്പൻ താരങ്ങൾ അടങ്ങിയ ഒരു മധ്യനിരക്ക് മേൽ ഇത്രയധികം ആധിപത്യം കാണിച്ചത്. പന്ത് കൈവശം വെക്കാനും അത് മുന്നേറ്റനിര താരങ്ങളുടെ നീക്കം കണ്ടു കൊണ്ട് കൃത്യമായി സ്‌പേസുകളിലേക്ക് റിലീസ് ചെയ്യാനുമുള്ള താരത്തിന്റെ കഴിവ് അവിശ്വസനീയമാണ്. ഇന്നലെ താരം നൽകിയ പാസുകൾ അത് വ്യക്തമാക്കുന്നു. പരിചയസമ്പത്ത് വർധിച്ചാൽ കൂടുതൽ മികച്ച പ്രകടനം നടത്താനും ടീമിന്റെ നട്ടെല്ലാകാനും അസ്ഹറിന് ഉറപ്പായും കഴിയും.

Mohammed Azhar Heroic Performance Vs Mohun Bagan