ബ്ലാസ്റ്റേഴ്‌സിന്റെ കിരീടസ്വപ്‌നത്തെ കുഴിച്ചുമൂടുമെന്നു പറഞ്ഞവർക്ക് മൈതാനത്ത് തന്നെ മറുപടി നൽകി, ഈ ടീം വേറെ ലെവൽ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കുറച്ചു സമയം മുൻപ് സമാപിച്ച മത്സരത്തിൽ മോഹൻ ബഗാന്റെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം ആരാധകർക്ക് ചെറിയ ആവേശമൊന്നുമല്ല നൽകിയിരിക്കുന്നത്. കഴിഞ്ഞ മത്സരം പോലെത്തന്നെ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചതെങ്കിലും മത്സരത്തിൽ പൂർണമായ ആധിപത്യം സ്ഥാപിക്കാനും ഗോളവസരം സൃഷ്‌ടിക്കാനും ടീമിന് കഴിഞ്ഞു.

മോഹൻ ബഗാന്റെ മൈതാനത്ത് ഇറങ്ങുമ്പോൾ ആരാധകർക്ക് നൂറു ശതമാനം ആത്മവിശ്വാസം ഇല്ലായിരുന്നു എന്നു തന്നെ പറയാം. രണ്ടു ടീമുകൾക്കും പരിക്കിന്റെയും മറ്റും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിനേക്കാൾ കരുത്തരായ ടീമായിരുന്നു മോഹൻ ബഗാനെന്നതിൽ സംശയമില്ല. എന്നാൽ എതിരാളികൾക്ക് യാതൊരു സാധ്യതയും നൽകാതെ നേടിയ വിജയം കൊമ്പന്മാരുടെ കരുത്ത് വ്യക്തമാക്കുന്നു.

മത്സരത്തിന് മുൻപ് മോഹൻ ബഗാൻ ആരാധകർ ഉയർത്തിയ ബാനർ ശ്രദ്ധേയമായിരുന്നു. ഇതുവരെ കിരീടങ്ങൾ സ്വന്തമാക്കിയിട്ടില്ലാത്ത ബ്ലാസ്റ്റേഴ്‌സിന്റെ കിരീടസ്വപ്‌നങ്ങളെ തങ്ങൾ കൊൽക്കത്തയുടെ മൈതാനത്ത് ഇല്ലാതാക്കുമെന്നാണ് ആരാധകർ ബാനർ ഉയർത്തിയത്. എന്നാൽ അതിനു മൈതാനത്ത് മറുപടി നൽകിയ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ വിജയവും ഒന്നാം സ്ഥാനവും സ്വന്തമാക്കി.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിച്ച മോഹൻ ബഗാന് മത്സരത്തിൽ തോൽവിയുണ്ടായി എന്നു മാത്രമല്ല, പോയിന്റ് ടേബിളിലും വലിയ വീഴ്‌ചയാണ്‌ സംഭവിച്ചിരിക്കുന്നത്. നേരത്തെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീം ഇപ്പോൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. അതേസമയം കിരീടപ്രതീക്ഷകൾ സജീവമാക്കിയ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.

മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. പ്രതിരോധത്തിലൂന്നിയാണ് കളിച്ചതെങ്കിലും പരുക്കൻ അടവുകൾ പുറത്തെടുക്കാതെ എതിരാളികളെ സമർത്ഥമായി തടഞ്ഞു നിർത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. ടീമിന്റെ പ്രധാന താരമായ ലൂണയുടെ അഭാവത്തിലാണ് ഇത്രയും മികച്ച പ്രകടനം ടീം നടത്തുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Kerala Blasters Shows Their Strength Against Mohun Bagan