ദിമിത്രിയോസിന്റെ മെസി ഗോളിൽ മോഹൻ ബഗാൻ വീണു, സാൾട്ട് ലേക്കിൽ വിജയക്കൊടി പാറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാനെ അവരുടെ മൈതാനത്ത് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദിമിത്രിയോസ് ഡയമെന്റക്കൊസ് നേടിയ ഒരേയൊരു ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. നായകനായ ലൂണയില്ലാതെ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്.

കഴിഞ്ഞ മത്സരത്തിലേതു പോലെത്തന്നെ ബ്ലാസ്റ്റേഴ്‌സിന് മുന്നിലെത്താൻ മിനുട്ടുകൾ മാത്രമാണ് വേണ്ടി വന്നത്. ദിമിത്രിയോസ് തന്നെയായിരുന്നു ഇത്തവണയും ഹീറോ. മോഹൻ ബഗാൻ പ്രതിരോധത്തെ നോക്കുകുത്തിയാക്കി താരം ബോക്‌സിൽ മികച്ചൊരു ഒറ്റയാൾ ഡ്രിബ്ലിങ് മുന്നേറ്റം നടത്തി വല കുലുക്കുകയായിരുന്നു. അതിനു ശേഷം മോഹൻ ബഗാൻ ആധിപത്യം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിച്ചെങ്കിലും മറിച്ചാണ് സംഭവിച്ചത്.

മോഹൻ ബഗാൻ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച മുന്നേറ്റങ്ങളിലൂടെ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു. ആദ്യപകുതിയിൽ ഒരു ഷോട്ട് പോലും മോഹൻ ബഗാന് ഉതിർക്കാൻ കഴിഞ്ഞില്ലെന്നത് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്ന മേധാവിത്വം വ്യക്തമാക്കുന്നു. പെപ്ര, രാഹുൽ കെപി എന്നിവരുടെ മികച്ച ഷോട്ടുകൾ നിർഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്.

ആദ്യപകുതിയെ അപേക്ഷിച്ച് മോഹൻ ബഗാൻ കുറച്ചു കൂടി ആക്രമണങ്ങൾ രണ്ടാം പകുതിയിൽ സംഘടിപ്പിച്ചു. പന്തു കയ്യിൽ വെച്ച് മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനും ഗോൾകീപ്പറെ പരീക്ഷിക്കാനും അവർ ശ്രമിച്ചു കൊണ്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് ബോക്സിൽ അവർ ഭീഷണികൾ സൃഷ്‌ടിച്ചെങ്കിലും ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെയും പ്രതിരോധനിരയുടെയും കൃത്യമായ ഇടപെടൽ അതിനെ നിഷ്പ്രഭമാക്കി.

ആദ്യപകുതി പോലെ ആക്രമണങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനെ ഷോട്ടുകൾ കൊണ്ട് പരീക്ഷിച്ചിരുന്നു. ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച രണ്ട് അവസരങ്ങൾ മോഹൻ ബഗാൻ കീപ്പർ തടുത്തില്ലായിരുന്നെങ്കിൽ വിജയം കൂടുതൽ മികച്ചതായേനെ. അവസാന മിനിറ്റുകളിൽ മോഹൻ ബഗാൻ സമനില ഗോളിന് വേണ്ടി ശ്രമങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അതിനെ കൃത്യമായി തടഞ്ഞു നിർത്തി.

Kerala Blasters Won Against Mohun Bagan In ISL