ലൂണയുടെ പകരക്കാരൻ സ്പെയിനിൽ നിന്നോ, ഫ്രാൻ കാർനിസർ ഐഎസ്എല്ലിലേക്കു ചേക്കേറുന്നു | ISL

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിക്കാനിരിക്കെ ഇന്ത്യൻ സൂപ്പർ ലീഗിലും ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല. നിരവധി ക്ലബുകൾ തങ്ങളുടെ ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സും അതിലൊന്നാണ്. പരിക്കേറ്റു പുറത്തു പോയ നായകനായ അഡ്രിയാൻ ലൂണക്ക് ജനുവരിയിൽ പകരക്കാരനെ കണ്ടെത്തേണ്ടത് ബ്ലാസ്റ്റേഴ്‌സിന് നിർബന്ധമാണ്.

അതിനിടയിൽ സ്പെയിനിൽ നിന്നുമുള്ള ഒരു താരത്തെയും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളെയും സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനാൽ അത് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ടാണോ എന്ന സംശയം ഉയരുന്നുണ്ട്. ഏഞ്ചൽ ഗാർസിയ വെളിപ്പെടുത്തുന്നത് പ്രകാരം ഫ്രാൻ കാർനിസർ എന്ന സ്‌പാനിഷ്‌ താരത്തെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻനിരയിൽ നിൽക്കുന്ന ഒരു ക്ലബ് ശ്രമം നടത്തുന്നുണ്ട്.

ഏതു ക്ലബാണ് കാർനിസറിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞില്ലെങ്കിലും സ്പെയിനിലെ മൂന്നാം ഡിവിഷൻ ലീഗിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ ട്രാൻസ്‌ഫറുകളിൽ ഒന്നായിരിക്കും അതെന്ന് ഗാർസിയ പറയുന്നു. ക്ലബിന്റെ ഓഫർ വന്നിട്ടുണ്ടെന്നും ഇനി സ്‌പാനിഷ്‌ മധ്യനിര താരവും ക്ലബുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മധ്യനിരയിലും ലെഫ്റ്റ് വിങ്ങിലും അറ്റാക്കിങ് മിഡ്‌ഫീൽഡിലും കളിക്കാൻ കഴിയുന്ന താരമായതിനാൽ തന്നെ കാർനിസറിനു വേണ്ടി ശ്രമം നടത്തുന്നത് ബ്ലാസ്റ്റേഴ്‌സ് ആയിരിക്കാനുള്ള സാധ്യതയുണ്ട്. ഈ പൊസിഷനിലെല്ലാം ലൂണയും കളിക്കാറുണ്ട്. അതേസമയം വിക്ടറിനെ പരിക്ക് കാരണം നഷ്‌ടമായ എഫ്‌സി ഗോവയും പുതിയ മധ്യനിര താരത്തെ തേടുന്നുണ്ട്. പൊതുവെ സ്‌പാനിഷ്‌ താരങ്ങളിൽ താൽപര്യമുള്ള ക്ലബാണ് ഗോവ.

മുപ്പത്തിരണ്ടുകാരനായ കാർനിസർ സ്പെയിനിലെ ടോപ് ഡിവിഷൻ ക്ലബുകൾക്ക് വേണ്ടിയൊന്നും കളിച്ചിട്ടില്ല. ലാ ലിഗ ക്ലബായ ഒസാസുനയുടെ ബി ടീമിൽ കളിച്ചതാകും താരത്തിന്റെ ഉയർന്ന നേട്ടം. കാർനിസർ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിലേക്ക് വരികയാണെങ്കിൽ അതൊരു താൽക്കാലിക കരാറിൽ മാത്രമായിരിക്കും. പ്രകടനം നോക്കി മാത്രമാകും കരാർ നീട്ടുന്ന കാര്യം തീരുമാനിക്കുക.

Top ISL Club Want Spanish Midfielder Fran Carnicer