പ്രതിരോധമോ ആക്രമണമോ ആശാൻ ശക്തിപ്പെടുത്തുക, ഒഡിഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇലവൻ എങ്ങിനെയായിരിക്കും | Kerala Blasters
ഒഡിഷ എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരുപാട് താരങ്ങൾ പരിക്കിന്റെ പിടിയിലായതിനാൽ തന്നെ ഏതൊക്കെ താരങ്ങളാണ് ആദ്യ ഇലവനിൽ ഉണ്ടാവുകയെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. അതുകൊണ്ടു തന്നെ മത്സരത്തിനുള്ള ആദ്യ ഇലവൻ എങ്ങനെയാകും എന്നാണു ആരാധകർ പ്രധാനമായും ഉറ്റു നോക്കുന്ന കാര്യം.
രണ്ടു തരത്തിലാണ് ഇവാൻ വുകോമനോവിച്ച് ടീമിനെ അണിനിരത്താൻ സാധ്യത. നവോച്ച സിംഗിന്റെ അഭാവത്തിൽ പ്രതിരോധത്തെ ശക്തിപ്പെടുത്താൻ മിലോസ്, ലെസ്കോവിച്ച് എന്നിവരെ ആദ്യ ഇലവനിൽ ഇറക്കുകയാണെങ്കിൽ മുന്നേറ്റനിരയിൽ അഡ്രിയാൻ ലൂണ, ഡൈസുകെ സകായി എന്നിവരാകും ഇറങ്ങുക. അങ്ങിനെയെങ്കിൽ ഇഷാൻ പണ്ഡിറ്റ് ആയിരിക്കും ടീമിന്റെ സ്ട്രൈക്കർ.
📸 Training Session 💪 #KBFC pic.twitter.com/vQa8wsVlEo
— KBFC XTRA (@kbfcxtra) April 17, 2024
പ്രതിരോധത്തിൽ രണ്ടു വിദേശതാരങ്ങളെ ഇറക്കിയാൽ അവർക്കു പുറമെ ഫുൾ ബാക്കുകളായി സന്ദീപ് സിങ്ങും, പ്രബീർ ദാസ് അല്ലെങ്കിൽ പ്രീതം കോട്ടാൽ എന്നിവരാകും ഉണ്ടാവുക. ലാറ ശർമയാകും ഗോൾകീപ്പർ. മധ്യനിരയിൽ വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, ഡാനിഷ് അല്ലെങ്കിൽ ജിക്സൻ എന്നിവരാകും ഉണ്ടാവുക. എന്നാൽ സ്ട്രൈക്കറായി ഒരു വിദേശതാരത്തെ കളിപ്പിക്കാനാണ് കൂടുതൽ സാധ്യത.
ഒരു വിദേശതാരം സ്ട്രൈക്കറായി വേണമെങ്കിൽ പ്രതിരോധനിരയിൽ മിലോസിനൊപ്പം ഹോർമിപാം ആകും ഇറങ്ങുക. മധ്യനിരയിൽ വിബിൻ, ഡാനിഷ് അല്ലെങ്കിൽ അസ്ഹർ എന്നിവർക്കൊപ്പം അഡ്രിയാൻ ലൂണയും ഡൈസുകെയുമുണ്ടാകും. ദിമിത്രിയോസ് അല്ലെങ്കിൽ ഫെഡോർ എന്നിവരിലൊരാൾക്കൊപ്പം ഇഷാൻ പണ്ഡിറ്റായും ആക്രമനിരയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിയ സൗരവിനെ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെങ്കിൽ അവസാനം പറഞ്ഞ ഇലവന്റെ മധ്യനിരയിൽ താരവുമുണ്ടാകും. അതിലുള്ള ഒരു ഇന്ത്യൻ താരം പുറത്തു പോവുകയും ചെയ്യും. സൗരവിന് വേണ്ടി ഡൈസുകെയെ ഒഴിവാക്കി ലൂണ, ദിമിത്രിയോസ്, മീലൊസ് എന്നീ വിദേശതാരങ്ങളെ മാത്രം കളിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
എന്തായാലും ഒരു തരത്തിലും പ്രവചിക്കാൻ കഴിയാത്ത ഇലവനാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. ഏതൊക്കെ താരങ്ങൾ മത്സരത്തിനായി ലഭ്യമാണെന്നത് നോക്കി മാത്രമേ ഇവാൻ ടീമിനെ തീരുമാനിക്കുന്നുണ്ടാകൂ. എന്തായാലും ആരാധകരും വളരെയധികം ഉറ്റു നോക്കുന്നത് ഇവാൻ എങ്ങിനെ ടീമിനെ ഇറക്കുമെന്നത് തന്നെയാണ്.
Kerala Blasters Possible XI Against Odisha FC