അഡ്രിയാൻ ലൂണ നാളെ കളത്തിലിറങ്ങുമെന്ന് ഇവാൻ വുകോമനോവിച്ച്, എന്നാൽ വലിയൊരു പ്രതിസന്ധി മുന്നിലുണ്ട് | Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിൽ നാളെ ഒഡിഷ എഫ്‌സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കി പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഒരുപാട് നാളുകൾക്ക് ശേഷം ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ ഒഡിഷ എഫ്‌സിക്കെതിരെ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇവാൻ വുകോമനോവിച്ച് സ്ഥിരീകരിച്ചു.

ഡിസംബറിൽ പരിക്കേറ്റു പുറത്തു പോയതാണ് അഡ്രിയാൻ ലൂണ. അതിനു ശേഷം ശാസ്ത്രക്രിയക്കും വിധേയനായി. താരത്തിന് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്നാണ് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും നേരത്തെ തന്നെ തിരിച്ചു വന്നിട്ടുണ്ട്. എന്നാൽ ലൂണയുടെ കാര്യത്തിൽ ചില പ്രതിസന്ധികൾ ഇപ്പോഴുമുണ്ടെന്ന് ഇവാൻ വ്യക്തമാക്കി.

“അഡ്രിയാൻ ലൂണ ഞങ്ങൾക്കൊപ്പമുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താരം തിരിച്ചെത്തുന്നത്, അത് നമ്മൾ തീർച്ചയായും പരിഗണനയിൽ എടുക്കേണ്ട കാര്യമാണ്. തൊണ്ണൂറു മിനുട്ടും കളിക്കാൻ ലൂണക്ക് കഴിയില്ല. എന്നാൽ ഒരുപാട് നാളുകൾക്ക് ശേഷം അഡ്രിയാൻ ലൂണയെ നമുക്ക് കളിക്കളത്തിൽ കാണാൻ കഴിഞ്ഞേക്കും, അത് വളരെ സന്തോഷത്തോടെ അറിയിക്കുന്നു.” ഇവാൻ പറഞ്ഞു.

ഇവാന്റെ വാക്കുകളിൽ നിന്നും അഡ്രിയാൻ ലൂണ മത്സരത്തിൽ മുഴുവൻ സമയവും കളിക്കില്ലെന്നു വ്യക്തമാണ്. അതിനു പുറമെ നിരവധി നാളുകളായി കളിക്കളത്തിനു വെളിയിലിരിക്കുന്ന താരത്തിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യതയും കുറവായിരിക്കും. രണ്ടാം പകുതിയിലാകും ലൂണ ഇറങ്ങുകയെന്നാണ് ഇവാൻ പറഞ്ഞതിൽ നിന്നും മനസിലാക്കാൻ കഴിയുക.

കഴിഞ്ഞ മത്സരത്തിൽ ലൂണയെ ഇറക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും അത് അപകടമാകുമോ എന്ന സംശയം കാരണം സാഹസത്തിനു മുതിർന്നില്ല. എന്തായാലും ഒഡിഷക്കെതിരെ അഡ്രിയാൻ ലൂണ ഇറങ്ങുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാലത് ആദ്യ ഇലവനിലാകുമോ രണ്ടാം പകുതിയിലാകുമോ എന്ന കാര്യത്തിൽ മാത്രമാണ് സംശയമുള്ളത്.

Adrian Luna Will Play Against Odisha FC