വ്യക്തത ലഭിക്കാൻ ഇനിയും കാത്തിരിക്കണം, ദിമിത്രിയോസ് ഇറങ്ങാനുള്ള സാധ്യതയെക്കുറിച്ച് ഇവാനാശാൻ | Dimitrios

ഒഡിഷ എഫ്‌സിക്കെതിരെ പ്ലേ ഓഫ് കളിക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയാണ് മുന്നേറ്റനിര താരമായ ദിമിത്രിയോസ് ഡയമെന്റക്കൊസിനു പരിക്കേറ്റത്. ഇതിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴെല്ലാം ദിമിത്രിയോസ് പ്ലേ ഓഫിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞിരുന്നത്.

ദിമിത്രിയോസ് പരിശീലനം ആരംഭിച്ചതിനു പുറമെ പ്ലേ ഓഫ് മത്സരത്തിനുള്ള സ്‌ക്വാഡിനൊപ്പം ഒഡിഷയിലേക്ക് പോവുകയും ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടു തന്നെ താരം കളിക്കുമെന്ന പ്രതീക്ഷ ആരാധകർക്കിടയിൽ വർധിക്കുകയും ചെയ്‌തിരിക്കുന്നു. ഇന്ന് മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ദിമിയുടെ സാഹചര്യത്തെക്കുറിച്ച് ഇവാൻ വ്യക്തമാക്കി.

“ദിമിത്രിയോസിനെ ഞങ്ങൾ ഇന്നും നാളെയും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അതിൽ നിന്നും എന്തെങ്കിലും അപകടത്തിനുള്ള സാധ്യത കണ്ടെത്തിയാൽ അതൊഴിവാക്കാനേ ശ്രമിക്കൂ. ഞങ്ങൾക്ക് റിസ്‌ക് എടുക്കാൻ കഴിയില്ല, താരങ്ങൾ നൂറു ശതമാനം തയ്യാറെടുക്കേണ്ടതും പ്രധാനമാണ്. ഫിറ്റ്നസ് ഉറപ്പു വരുത്തിയില്ലെങ്കിൽ താരം ടീമിലുണ്ടാകാനുള്ള സാധ്യതയില്ല.” ഇവാനാശാൻ പറഞ്ഞു.

നേരത്തെ പറഞ്ഞതിൽ നിന്നും യാതൊരു മാറ്റവുമില്ലാതെ അപ്‌ഡേറ്റാണ് ഇവാൻ വുകോമനോവിച്ച് ഇന്നും നൽകിയിരിക്കുന്നത്. ഇന്നും നാളെയും ദിമിത്രിയോസിനെ നിരീക്ഷിച്ച് ഫിറ്റ്നസ് വീണ്ടെടുത്തെന്ന് ഉറപ്പു വരുത്തിയാൽ താരം കളിച്ചേക്കും. ചെറിയൊരു സാധ്യതയുണ്ടെങ്കിലും രണ്ടാം പകുതിയിലെങ്കിലും താരത്തെ കളത്തിലിറക്കാനുള്ള സാധ്യതയുണ്ട്.

അഡ്രിയാൻ ലൂണയും ദിമിത്രിയോസും ചേർന്ന് ആദ്യ ഇലവനിൽ ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിലും അതിനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ലൂണക്ക് തൊണ്ണൂറു മിനുട്ടും കളിക്കാൻ കഴിയില്ലെന്ന് ഇവാൻ നേരത്തെ പറഞ്ഞിരുന്നു. ടീം ലൈനപ്പ് എങ്ങിനെയാകുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.

Dimitrios Injury Update Given By Ivan Vukomanovic