മാച്ച് വിന്നിങ് ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്ത്, ദിമിയുടെ കരാർ പുതുക്കാൻ ഇനിയും വൈകരുത് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് താനെന്ന് കഴിഞ്ഞ രണ്ടു സീസണുകളിൽ ദിമിത്രിയോസ് തെളിയിച്ചു. ഐഎസ്എല്ലിലെ ആദ്യത്തെ സീസണിൽ തന്നെ പത്ത് ഗോളുകൾ നേടിയ താരം ഈ സീസണിൽ തന്റെ ഗോൾനേട്ടം പതിമൂന്നായി വർധിപ്പിച്ചു. പതിനേഴു മത്സരങ്ങളിൽ നിന്നും പതിമൂന്നു ഗോളും മൂന്ന് അസിസ്റ്റുമടക്കം പതിനാറു ഗോളുകളിലാണ് താരം പങ്കാളിയായത്.

ഈ സീസണിൽ ഐഎസ്എല്ലിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ദിമിത്രിയോസാണ്. ഫൈനലിൽ കുമ്മിങ്‌സിന് മൂന്നു ഗോളുകൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ ആ നേട്ടം ദിമിത്രിയോസ് തന്നെ സ്വന്തമാക്കും. ടോപ് സ്‌കോറർ പട്ടികയിൽ ഭീഷണിയായിരുന്ന റോയ് കൃഷ്‌ണയുടെ ഒഡിഷ എഫ്‌സി സെമിയിൽ തോറ്റു പുറത്തായതോടെ ദിമിയുടെ സാധ്യത വർധിച്ചിട്ടുണ്ട്.

അതേസമയം ഐഎസ്എല്ലിൽ ഏറ്റവുമധികം മാച്ച് വിന്നിങ് ഗോളുകൾ നേടിയ താരങ്ങളിലും ദിമിത്രിയോസ് തന്നെയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. താരം നേടിയ പതിമൂന്നു ഗോളുകളിൽ അഞ്ചെണ്ണവും മത്സരം വിജയിക്കാൻ കാരണമായ ഗോളുകൾ ആയിരുന്നു. അഞ്ചു വീതം ഗോളുകൾ നേടിയ റോയ് കൃഷ്‌ണ, പെട്രാറ്റോസ് എന്നിവരും താരത്തിനൊപ്പം നിൽക്കുന്നുണ്ട്.

ദിമിത്രിയോസ് ടീമിന് എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. മോശം ഫോമിൽ നിൽക്കുന്ന സമയത്ത് ഐഎസ്എല്ലിലേക്ക് വന്ന ദിമിത്രിയോസ് ഇവിടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ്. പല താരങ്ങൾക്കും പരിക്കേറ്റ സമയത്ത് ടീമിനെ ഒറ്റക്കു മുന്നോട്ടു നയിച്ച് തന്റെ പരിചയസമ്പത്തും നേതൃഗുണവും താരം തെളിയിച്ചു.

എന്നാൽ ഇത്രയും മികച്ച താരത്തിന് പുതിയ കരാർ നൽകാൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പ്രതിഫലം കൂട്ടി നൽകണമെന്ന താരത്തിന്റെ ആവശ്യമാണ് അതിൽ തടസം നിൽക്കുന്നത്. എന്നാൽ ഐഎസ്എല്ലിലെ മറ്റേതൊരു ടീമും ദിമിയെപ്പോലൊരു താരത്തെ കൈവിടാൻ തയ്യാറാവില്ല. താരം മറ്റു ക്ളബുകളിലേക്ക് ചേക്കേറിയാൽ അത് ബ്ലാസ്റ്റേഴ്‌സിനു തന്നെയാണ് തിരിച്ചടി നൽകുക.

fpm_start( "true" ); /* ]]> */

Dimitrios Scored Most Match Winners In ISL