രണ്ടു താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല, കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പുമായി സഹപരിശീലകൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. മൂന്നാമത്തെ മത്സരം എന്നതിനൊപ്പം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന ആദ്യത്തെ എവേ മത്സരം കൂടിയാണ് നാളത്തേത്. ഐഎസ്എല്ലിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ വിജയം നേടാൻ ഏറ്റവും മികച്ച പ്രകടനം തന്നെ ടീം നടത്തേണ്ടി വരുമെന്നതിൽ സംശയമില്ല.

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സഹപരിശീലകനായ ഫ്രാങ്ക് ദോവൻ ടീമിന്റെ സാഹചര്യങ്ങൾ വിലയിരുത്തുകയുണ്ടായി. ഇവാൻ വുകോമനോവിച്ചിന് വിലക്കായതിനാൽ ദോവനാണ് ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ടീമിനെ നയിച്ചത്. മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടുകയുണ്ടായി. എന്നാൽ മുംബൈ സിറ്റിക്കെതിരെ നടക്കാൻ പോകുന്ന പോരാട്ടം വളരെയധികം കടുപ്പമേറിയതാകുമെന്നാണ് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ്.

“നിലവിലെ ചാമ്പ്യന്മാർക്കെതിരെ കളിക്കുക എല്ലായിപ്പോഴും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. മുംബൈ സിറ്റി എഫ്‌സി വളരെ മികച്ചൊരു ടീമാണെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും ഞങ്ങൾ നല്ല രീതിയിൽ തയ്യാറെടുത്തിട്ടുണ്ട്, ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഞങ്ങൾക്ക് വിജയം നേടാൻ കഴിഞ്ഞു. വളരെ നല്ലൊരു തുടക്കമാണ് ഞങ്ങൾക്ക് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, മികച്ചൊരു മത്സരം പ്രതീക്ഷിക്കുന്നു.” ദോവൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഫിറ്റ്നസ് പ്രശ്‌നങ്ങളുള്ള താരങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മുന്നേറ്റനിരയിൽ കളിക്കുന്ന താരങ്ങളായ ഇഷാൻ പണ്ഡിറ്റ, സൗരവ് മൊണ്ടാൽ എന്നിവർ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ല എന്നാണു പരിശീലകൻ വ്യക്തമാക്കുന്നത്. ദേശീയ ടീമിനായി കളിക്കാൻ പോയിരുന്ന രാഹുൽ കെപിയും ബ്രേയ്‌സ് മിറാൻഡയും ടീമിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. എന്നാൽ നാളത്തെ മത്സരത്തിൽ ഇവർ ലഭ്യമാണോ എന്ന കാര്യം വ്യക്തമല്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സംബന്ധിച്ച് തങ്ങളുടെ മികച്ച ഫോം നിലനിർത്താനും എതിരാളികൾക്ക് മുന്നറിയിപ്പ് നൽകാനും ലഭിച്ച മികച്ചൊരു അവസരമാണ് നാളെ നടക്കാനിരിക്കുന്ന മത്സരം. മത്സരത്തിൽ വിജയം നേടാമെന്ന പൂർണമായ പ്രതീക്ഷ ആരാധകർക്കില്ലെങ്കിലും അതിനു കഴിഞ്ഞാൽ ഈ സീസണിൽ ടീം മികച്ച ഫോമിലാണ് കളിക്കുന്നതെന്ന് വ്യക്തമാകും. മുംബൈ സിറ്റിക്കെതിരേയുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ റെക്കോർഡുകൾ അത്ര മികച്ചതല്ലെങ്കിലും വിജയം നേടാമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

Kerala Blasters Press Conference Before Mumbai City Match