കളിച്ചത് വെറും നാല് മത്സരങ്ങൾ മാത്രം, എംഎൽഎസിലെ രണ്ട് അവാർഡുകളുടെ ലിസ്റ്റിൽ ലയണൽ മെസിയും | Messi

പിഎസ്‌ജി കരാർ അവസാനിച്ച ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും അതല്ല സംഭവിച്ചത്. ബാഴ്‌സലോണയിലേക്ക് ചേക്കേറണമെങ്കിൽ നിലവിൽ ടീമിലുള്ള പ്രധാന താരങ്ങളിൽ ചിലരെ ഒഴിവാക്കേണ്ടി വരുമെന്ന സാഹചര്യം വന്നതിനാൽ മെസി തന്നെ അതിൽ നിന്നും പിൻമാറുകയായിരുന്നു. തുടർന്ന് യൂറോപ്പ് വിട്ട താരം ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയും ചെയ്‌തു.

ലയണൽ മെസിയുടെ അമേരിക്കയിലേക്കുള്ള വരവ് ഐതിഹാസികമായ ഒന്നായിരുന്നു. ഇന്റർ മിയാമിയിൽ എത്തിയ താരം ലീഗ്‌സ് കപ്പിലാണ് ആദ്യം കളിച്ചത്. മെസി ഗംഭീര പ്രകടനം പുറത്തെടുത്തപ്പോൾ ലീഗ്‌സ് കപ്പ് കിരീടം ഇന്റർ മിയാമി സ്വന്തമാക്കി. ഇന്റർ മിയാമിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കിരീടമായിരുന്നു അത്. അതിനു പുറമെ യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ എത്താനും ടീമിനായി. എന്നാൽ മെസി പരിക്ക് കാരണം കളിക്കാതിരുന്നതിനാൽ ഫൈനലിൽ ഇന്റർ മിയാമി കീഴടങ്ങുകയായിരുന്നു.

ഇന്റർ മിയാമിക്ക് വേണ്ടി ആകെ നാല് എംഎൽഎസ് മത്സരം മാത്രമാണ് മെസി കളിച്ചത്. അതിൽ തന്നെ ഒരെണ്ണത്തിൽ താരം മുപ്പത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ പരിക്ക് കാരണം പിൻവാങ്ങിയിരുന്നു. ഈ നാല് മത്സരങ്ങളിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്. മുപ്പതിലധികം മത്സരങ്ങൾ പൂർത്തിയായ എംഎൽഎസിൽ നാല് മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂവെങ്കിലും ലീഗിലെ രണ്ട് അവാർഡുകൾക്കാണ് മെസി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കൻ ഇതിഹാസമായ ലണ്ടൻ ഡൊണോവന്റെ പേരിലുള്ള എംഎൽഎസിലെ മോസ്റ്റ് വാല്യൂബിൾ പ്ലേയർ അവാർഡ്, എംഎൽഎസിലെ ബെസ്റ്റ് ന്യൂകമർ ഓഫ് ദി സീസൺ എന്നീ അവാർഡുകൾക്കാണ് മെസി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ജേർണലിസ്റ്റുകൾ, ക്ലബുകളുടെ ടെക്‌നിക്കൽ സ്റ്റാഫുകൾ, ക്ലബുകളുടെ താരങ്ങൾ എന്നിവരാണ് ഇതിനായി വോട്ട് ചെയ്യുക. ഒക്ടോബർ പത്തു മുതൽ ഇരുപത്തിമൂന്നു വരെയുള്ള തീയതികളിൽ വോട്ടെടുപ്പ് നടക്കും.

ലയണൽ മെസിക്കൊപ്പം മോസ്റ്റ് വാല്യൂബിൾ പ്ലയെർ അവാർഡിൽ സഹതാരമായ ബുസ്‌ക്വറ്റ്സ് കൂടി ഇടം പിടിച്ചിട്ടുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും നാല് മത്സരങ്ങൾ മാത്രം കളിച്ച മെസി അവാർഡ് സ്വന്തമാക്കാൻ യാതൊരു സാധ്യതയുമില്ല. മെസി നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ തന്നെ ആരാധകർ ട്രോളുകൾ ആരംഭിച്ചിട്ടുണ്ട്. മെസിയുടെ സ്വന്തം ലീഗാണ് എംഎൽഎസ് എന്നും കളിച്ചില്ലെങ്കിൽ പോലും എല്ലാ അവാർഡുകളും സ്വന്തമാക്കാൻ കഴിയുമെന്നുമാണ് ട്രോളുന്നത്.

Messi Nominated For 2 MLS Awards