“ഈ സീസണിൽ കിരീടം സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷ”- ആരാധകർക്ക് ആവേശം നൽകുന്ന വാക്കുകളുമായി ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം | Kerala Blasters

ആരാധകപിന്തുണയുടെ കാര്യത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കവച്ചു വെക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ക്ലബിനും കഴിയില്ലെന്ന കാര്യമുറപ്പാണ്. എന്നാൽ അതിനിടയിലും അവർക്ക് നിരാശയാകുന്നത് ടീമിന് ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചതിനു ശേഷം മൂന്നു തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും കിരീടമുയർത്താനുള്ള ഭാഗ്യം ടീമിനും ആരാധകർക്കുമുണ്ടായിട്ടില്ല.

പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഓരോ സീസണെയും വരവേൽക്കാറുള്ളത്. എന്നാൽ സീസൺ കഴിയുമ്പോൾ അവർക്ക് നിരാശയാണ് കൂടുതലും ഉണ്ടാവുക. അതിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ വലിയ പ്രതീക്ഷകൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണെ വരവേറ്റത്. ടീമിന് വേണ്ട താരങ്ങളെ സ്വന്തമാക്കാൻ വൈകിയതാണ് അതിനു കാരണം. എന്നാൽ ചരിത്രത്തിൽ ആദ്യമായി സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം നേടി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.

മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുൻപ് മാധ്യമങ്ങളെ കണ്ടപ്പോൾ ബ്ലാസ്റ്റേഴ്‌സ് താരമായ ജീക്സൺ സിങ്ങും ഇത്തവണ കിരീടപ്രതീക്ഷയുണ്ടെന്നാണ് പറഞ്ഞത്. “ഞാൻ എവിടെ കളിച്ചാലും, അത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടിയാണെങ്കിലും ഇന്ത്യൻ ദേശീയ ടീമിന് വേണ്ടിയാണെങ്കിലും നേട്ടങ്ങൾ സ്വന്തമാക്കാൻ പൊരുതുക തന്നെ ചെയ്യും. നിർഭാഗ്യവശാൽ ഇതുവരെ കിരീടമൊന്നും ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ അത് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.”

“മുംബൈ സിറ്റിക്കെതിരെ അവസാനം ഞങ്ങൾ കളിച്ച മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലായിരുന്നു. ഇത്തവണ ഒരു മികച്ച റിസൾട്ട് ലഭിക്കുന്നതിന് വേണ്ടി ഞങ്ങൾ എല്ലാം നൽകി പോരാടുമെന്നുറപ്പാണ്. നാളത്തെ മത്സരത്തിൽ വിജയം നേടി എനിക്ക് ദേശീയ ടീമിനൊപ്പമുള്ള മത്സരങ്ങൾക്ക് പോകണം. അതെനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജീക്സൺ സിങ് പറഞ്ഞു.

നാളത്തെ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഒട്ടും എളുപ്പമാകില്ല. ഇതുവരെയുള്ള മത്സരങ്ങൾ സ്വന്തം മൈതാനത്തു വെച്ചായത് ടീമിനെ സഹായിച്ചിരുന്നു. എന്നാൽ അടുത്ത മത്സരം എതിരാളികളുടെ മൈതാനത്തു വെച്ചായതിനാൽ അതിന്റെ ബുദ്ധിമുട്ടുകൾ ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടി വരും. അതിനു പുറമെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് മുംബൈ സിറ്റി. അടുത്ത മാസം നെയ്‌മർ അടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന അൽ ഹിലാലിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അവർ.

Jeakson singh Hopes Kerala Blasters Win Trophy This Season