ലയണൽ മെസി കളത്തിലിറങ്ങിയിട്ടും തോൽവി, ഇന്റർ മിയാമി എംഎൽഎസ് പ്ലേ ഓഫിൽ നിന്നും പുറത്ത് | Inter Miami

ലയണൽ മെസി വന്നതിനു ശേഷം ഇന്റർ മിയാമിയിൽ ഒരുപാട് അത്ഭുതങ്ങൾ കാണിച്ചെങ്കിലും ഈ സീസണിലെ ടീമിന്റെ മുന്നോട്ടു പോക്കിന് അവസാനമായി. മെസി വന്നതിനു ശേഷം ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം ഇന്റർ മിയാമി സ്വന്തമാക്കിയെങ്കിലും താരത്തിന്റെ പരിക്ക് അവർക്ക് തിരിച്ചടിയായി. നിരവധി മത്സരങ്ങളിൽ ലയണൽ മെസി പുറത്തിരുന്നതോടെ ആ മത്സരങ്ങളില്ലെല്ലാം തോൽവി വഴങ്ങി അവർ ലീഗ് ടേബിളിൽ പുറകിലേക്ക് പോവുകയായിരുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം ലയണൽ മെസി കളത്തിലിറങ്ങിയ മത്സരമായിരുന്നു ഇന്ന് പുലർച്ചെ നടന്നത്. അമേരിക്കൻ ലീഗിലെ ഒന്നാം സ്ഥാനക്കാരായ എഫ്‌സി സിൻസിനാറ്റി ആയിരുന്നു എതിരാളികൾ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ലയണൽ മെസി കളത്തിലിറങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. എഴുപത്തിയെട്ടാം മിനുട്ടിൽ നേടിയ ഗോളിൽ ഇന്റർ മിയാമിക്കെതിരെ എഫ്‌സി സിൻസിനാറ്റി വിജയം നേടുകയായിരുന്നു.

അറുപത്തിയൊന്നു ശതമാനത്തിലധികം ബോൾ പൊസഷൻ ഉണ്ടായിരുന്നെങ്കിലും ഇന്റർ മിയാമി മത്സരത്തിൽ മികച്ച അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടിയിരുന്നു. മത്സരത്തിൽ പതിനാറു ഷോട്ടുകൾ ഉതിർത്തെങ്കിലും രണ്ടെണ്ണം മാത്രമാണ് ഓൺ ഗോൾ ആയിരുന്നത്. അത് രണ്ടും എഫ്‌സി സിൻസിനാറ്റി ഗോൾകീപ്പർ മികച്ച രീതിയിൽ രക്ഷപ്പെടുത്തുകയും ചെയ്‌തു. ഇപ്പുറത്ത് ഇന്റർ മിയാമി ഗോൾകീപ്പറും മികച്ച പ്രകടനമാണ് നടത്തിയത്.

അതേസമയം ആദ്യപകുതിയിൽ ദൗർഭാഗ്യം ഇന്റർ മിയാമിക്ക് തിരിച്ചടിയായി. അർജന്റീന താരങ്ങളായ തോമസ് അവിലെസ്, ക്രെമാഷി എന്നിവരുടെയും വെനസ്വല താരമായ ജോസഫ് മാർട്ടിനസിന്റെയും ഷോട്ടുകൾ പോസ്റ്റിലടിച്ച് പുറത്തു പോയി. എഴുപത്തിയെട്ടാം മിനുട്ടിലാണ് മത്സരത്തിൽ ഇന്റർ മിയാമിയുടെ പ്രതീക്ഷകൾ തകർക്കപ്പെടുന്നത്. എഫ്‌സി സിൻസിനാറ്റി താരത്തിന്റെ ഷോട്ട് ഇന്റർ മിയാമി ഗോൾകീപ്പർ തടുത്തെങ്കിലും റീബൗണ്ടിൽ നിന്നും അവർ വല കുലുക്കി വിജയം സ്വന്തമാക്കി.

ഇന്റർ മിയാമിക്കൊപ്പം മികച്ച പ്രകടനം നടത്തുകയും ഒരു കിരീടം സ്വന്തമാക്കുകയും ചെയ്‌തെങ്കിലും അതിനുമപ്പുറത്തേക്ക് ഒന്നും ചെയ്യാൻ ലയണൽ മെസിക്ക് കഴിഞ്ഞില്ല. ഇന്നത്തെ മത്സരത്തിലെ തോൽവിയോടെ എംഎൽഎസ് കപ്പ് നേടാമെന്നുള്ള പ്രതീക്ഷകളാണ് ഇല്ലാതായത്. ഇതോടെ മെസിയുടെ ക്ലബ് തലത്തിലുള്ള സീസൺ ഇത്തവണ നേരത്തെ അവസാനിക്കുകയും ചെയ്യും. ഇനി ഒക്ടോബറിലെ മത്സരം കഴിഞ്ഞാൽ ഫെബ്രുവരിയിലാവും താരത്തെ ഇന്റർ മിയാമിക്കൊപ്പം കളിക്കളത്തിൽ കാണാനാവുക.

Inter Miami Eliminated From MLS Playoffs