ഇതുപോലെയൊരു അസിസ്റ്റ് ഐഎസ്എൽ ഇതിനു മുൻപ് കണ്ടിട്ടുണ്ടാകില്ല, മോഹൻ ബഗാന്റെ മാന്ത്രികനായി സഹൽ | Sahal

ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ സഹൽ അബ്‌ദുൾ സമദിനെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു കൊടുക്കുമ്പോൾ ആരാധകർ വളരെയധികം ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിൽ കളിച്ച് പിന്നീട് സീനിയർ ടീമിലെത്തി ക്ലബിന്റെ മുഖമായി മാറിയ സഹൽ അബ്‌ദുൾ സമദ് വളരെയധികം പ്രതിഭയുള്ള താരമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടു തന്നെ താരത്തെ ഒഴിവാക്കുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഏവരും വിലയിരുത്തി.

അതേസമയം സഹൽ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നതിൽ പലരും അനുകൂലമായും സംസാരിക്കുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിരവധി വർഷങ്ങൾ കളിച്ചിട്ടും ഒരു കിരീടം സ്വന്തമാക്കാനോ തന്റെ പ്രതിഭയെ ഏറ്റവും മികച്ച രീതിയിൽ പ്രദർശിപ്പിക്കാനോ സഹലിനു കഴിഞ്ഞിട്ടില്ലെന്നിരിക്കെ ഇതിലൂടെ താരത്തിന് അതിനു അവസരം ലഭിക്കുമെന്നാണ് പലരും വിലയിരുത്തിയത്. അതിനൊപ്പം താരത്തെ വിറ്റു കിട്ടുന്ന പണം കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ മെച്ചപ്പെടുത്താൻ കഴിയുമെന്ന അഭിപ്രായവും ഉയരുകയുണ്ടായി.

എന്തായാലും മോഹൻ ബഗാനിൽ എത്തിയതിനു ശേഷം സഹലിന്റെ പ്രകടനത്തിൽ വളരെയധികം മുന്നേറ്റമുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നു മത്സരങ്ങൾ ബാഗാനൊപ്പം കളിച്ച താരം ടീമിന്റെ മൂന്നു ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. അതിനു പുറമെ എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഡിയിൽ രണ്ടു മത്സരങ്ങൾ മോഹൻ ബാഗാനായി കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കുകയുണ്ടായി.

ചെന്നൈയിൻ എഫ്‌സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സഹലിന്റെ പ്രകടനം താരത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നതായിരുന്നു. ദിമിത്രി പെട്രാറ്റോസ് നേടിയ ആദ്യത്തെ ഗോളിന് ഒരു ക്രോസിലൂടെ അസിസ്റ്റ് നൽകിയ സഹൽ അതിനു ശേഷം മൻവീർ സിങ് നേടിയ മൂന്നാമത്തെ ഗോളിന് നൽകിയ അസിസ്റ്റ് വളരെ മനോഹരമായിരുന്നു. ചെന്നൈയിൻ എഫ്‌സിയുടെ പ്രതിരോധനിരയെ മുഴുവൻ തന്റെ മാന്ത്രിക ഡ്രിബിളിംഗിലൂടെ മറികടന്നാണ് താരം അതിമനോഹരമായി ബോക്‌സിലേക്ക് പാസ് നൽകിയത്.

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ ടീമായ മോഹൻ ബഗാനിലേക്ക് ചേക്കേറിയത് സഹലിനെ പോലൊരു പ്രതിഭയെ സ്വന്തമാക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താരത്തെ വിട്ടു കളഞ്ഞത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഒരു നഷ്‌ടം തന്നെയാണെങ്കിലും അതിലൂടെ ക്ലബിന് നേട്ടവും ഉണ്ടായിട്ടുണ്ട്. ഈ സീസണിൽ ടീം സന്തുലിതമായി മികച്ച പ്രകടനം നടത്തുന്നതും അയ്‌മനെ പോലെയുള്ള യുവതാരങ്ങളുടെ വളർച്ചയും എല്ലാം അതിനുദാഹരണങ്ങളാണ്.

Sahal Abdul Samad Superb Assist Against Chennaiyin FC