ഉദയസൂര്യന്റെ നാട്ടിൽ നിന്നും വമ്പൻ താരമെത്തി, വിദേശതാരത്തിന്റെ സൈനിങ് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിനു വലിയ തിരിച്ചടി നൽകിയാണ് പുതിയ സീസണിലേക്കായി സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത്. ടീമിലെത്തി പരിശീലനം നടത്തുന്നതിനിടെ പരിക്കു പറ്റിയ താരത്തിന് 2024 വരെ കളിക്കാൻ കഴിയില്ലെന്നു തീരുമാനമായിരുന്നു. അതുകൊണ്ടു തന്നെ ഏഷ്യൻ താരത്തിന്റെ ക്വോട്ടയിലേക്ക് പുതിയൊരു കളിക്കാരനെ എത്തിക്കേണ്ടത് അനിവാര്യമായിരുന്ന ബ്ലാസ്റ്റേഴ്സ് അതിനു വേണ്ടി ആഴ്ചകളായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ ആരാധകരുടെ പ്രതീക്ഷകൾ സഫലമാക്കി ഏഷ്യൻ താരത്തിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ജാപ്പനീസ് താരമായ ഡൈസുക്കെ സക്കായിയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇരുപത്തിയാറുകാരനായ താരത്തിനു വിങ്ങിലും അറ്റാക്കിങ് മിഡ്ഫീൽഡ് പൊസിഷനിലും കളിക്കാൻ കഴിയും. ഒരു വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.
From the Land of the Rising Sun to the Queen of the Arabian Sea! 🇯🇵
Welcome, Daisuke Sakai! 💛
The signing is subject to medicals.#SwagathamDaisuke #KBFC #KeralaBlasters pic.twitter.com/jGrzt9lQTI
— Kerala Blasters FC (@KeralaBlasters) September 2, 2023
ജപ്പാനിൽ യൂത്ത് കരിയർ ആരംഭിച്ച സക്കായ് അതിനു പുറമെ ബെൽജിയം, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബുകളിലും കളിച്ചിട്ടുണ്ട്. ഒരു മധ്യനിരതാരത്തിന് വേണ്ട സാങ്കേതികപരമായ മികവും ഒരു വിങ്ങർക്ക് വേണ്ടി വേഗതയും സ്കില്ലും ഒത്തിണങ്ങിയ താരം ടീമിനൊരു മുതൽക്കൂട്ട് തന്നെയാണ്. കളിച്ച ക്ലബുകളിലെല്ലാം നല്ല രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുള്ള താരം ഇതുവരെ 150 മത്സരങ്ങൾ പ്രൊഫെഷണൽ കരിയറിൽ കളിച്ച് 24 ഗോളും പത്ത് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ജപ്പാന്റെ അണ്ടർ 17, അണ്ടർ 20 ടീമുകൾക്കൊപ്പം ഫിഫ ലോകകപ്പ് കളിച്ചിട്ടുള്ള താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത് മികച്ചൊരു നീക്കമാണെന്ന് സ്പോർട്ടിങ് ഡയറക്റ്റർ സ്കിങ്കിസ് പ്രതികരിച്ചു. മുന്നേറ്റനിരയിൽ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരത്തിന്റെ സാന്നിധ്യം പരിശീലകന് കൂടുതൽ ഓപ്ഷൻസ് നൽകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിദേശത്ത് കളിച്ചു പരിചയമുള്ള താരത്തിന് ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
Kerala Blasters Signed Daisuke Sakai