ഈസ്റ്റ് ബംഗാളിനെയും ചെന്നൈയിനെയും മറികടന്നു, പുതിയ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
വരാനിരിക്കുന്ന സീസൺ ലക്ഷ്യമിട്ട് മുന്നേറ്റനിരയിലേക്ക് പുതിയ താരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്‌പൂർ എഫ്‌സിയുടെ താരമായിരുന്ന ഇന്ത്യൻ ഫോർവേഡ് ഇഷാൻ പണ്ഡിറ്റായെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചുകാരനായ താരത്തെ സ്വന്തമാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്ന ഇഷാൻ പണ്ഡിറ്റയെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്‌സി എന്നീ ക്ലബുകൾ രംഗത്തുണ്ടായിരുന്നു. ചെന്നൈയിനാണ് താരത്തിന് വേണ്ടി ആദ്യം രംഗത്തു വന്നതെങ്കിലും പിന്നീട് പുറകോട്ടു പോയി. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലായി പോരാട്ടം. ഒടുവിൽ ഇന്ത്യൻ താരത്തെ സ്വന്തമാക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് തന്നെ വിജയിക്കുകയായിരുന്നു.
Psst…What time is it?
It's #𝗧𝗶𝗺𝗲𝗙𝗼𝗿𝗜𝘀𝗵𝗮𝗻 💥@_ishanpandita_ #SwagathamIshan #KBFC #KeralaBlasters pic.twitter.com/foXH4JJzqN— Kerala Blasters FC (@KeralaBlasters) August 10, 2023
ബെംഗളൂരുവിൽ കരിയർ ആരംഭിച്ച ഇഷാൻ അതിനു ശേഷം 2014ൽ സ്പെയിനിലേക്ക് ചേക്കേറി. ലാ ലിഗ ക്ളബുകളായ അൽമേറിയ, ലെഗാനസ് എന്നിവയുടെ യൂത്ത് ടീമിൽ താരം കളിച്ചിട്ടുണ്ട്. 2019ൽ സ്പെയിനിലെ ഫിഫ്ത്ത് ഡിവിഷൻ ക്ലബായ ലോർക്ക എഫ്‌സിയിൽ കളിച്ച താരം ഇരുപത്തിമൂന്നു മത്സരങ്ങളിൽ നാല് ഗോളുകൾ നേടിയിട്ടുണ്ട്. ആ സീസൺ കഴിഞ്ഞതോടെ ഇഷാൻ ഇന്ത്യയിലേക്ക് തിരികെ വന്നു.
ഇന്ത്യയിലേക്ക് വന്ന ഇഷാൻ ആദ്യം എഫ്‌സി ഗോവയിലാണ് കളിച്ചത്. അതിനു ശേഷം 2021ൽ ജംഷഡ്‌പൂർ എഫ്‌സിയിൽ ചേർന്ന താരം ആദ്യത്തെ സീസണിൽ തന്നെ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുന്നതിൽ പങ്കു വഹിച്ചു. ജംഷെദ്‌പൂരിൽ വെല്ലുവിളികൾ നിറഞ്ഞ കരിയർ നേരിട്ട താരം ഇവാൻ വുകോമനോവിച്ചിന് കീഴിൽ പുതിയൊരു തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയിരിക്കുന്നത്.
Kerala Blasters Signed Ishan Pandita