“വളരെയധികം ആശങ്കയുണ്ട്, സൂപ്പർകപ്പ് ഗോവയിൽ വെച്ച് നടത്താമായിരുന്നു”- കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ

ഏപ്രിലിൽ നടക്കാനിരിക്കുന്ന സൂപ്പർകപ്പ് മത്സരങ്ങളുടെ വേദിയിൽ നിന്നും കൊച്ചിയെ അവസാനനിമിഷത്തിൽ ഒഴിവാക്കിയ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ കരോലിസ് സ്‌കിൻകിസ്. മലബാറിൽ വെച്ച് നടത്തുന്ന ടൂർണ്ണമെന്റിനുള്ള രണ്ടു സ്റ്റേഡിയങ്ങളുടെയും സാഹചര്യങ്ങൾ മോശമാണെന്നും ഇത് താരങ്ങളെ ബാധിക്കുമോയെന്നതുമാണ് അദ്ദേഹത്തിന്റെ ആശങ്കയുടെ പ്രധാന കാരണം.

“സൂപ്പർകപ്പിനുള്ള മൈതാനങ്ങളുടെ അവസ്ഥയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. കോഴിക്കോട് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അവസ്ഥ മോശമാണ്.” അദ്ദേഹം കഴിഞ്ഞ ദിവസം വാർത്താ മാധ്യമത്തോട് പറഞ്ഞു. അതിനു പുറമെ കേരളത്തിൽ നിന്നും ടൂർണമെന്റ് മാറ്റി ഗോവയിൽ വെച്ച് നടത്താമായിരുന്നുവെന്നും അവിടെ മികച്ച സ്റ്റേഡിയങ്ങളും പരിശീലിക്കാനുള്ള നല്ല മൈതാനങ്ങളും ലഭ്യമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

“ഗോവയിൽ മികച്ച സ്റ്റേഡിയങ്ങളും പരിശീലനസൗകര്യങ്ങളുമുണ്ട്. പ്രൊഫെഷനലായി കാര്യങ്ങളെയും കാണുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിൽ ഇതുപോലെയുള്ള മൈതാനങ്ങളിൽ കളിക്കുന്നതിനു വേണ്ടി താരങ്ങൾക്ക് എത്രത്തോളം പ്രചോദനം നൽകാൻ കഴിയുമെന്ന് അറിയില്ല.” അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ ആശങ്ക പ്രകടിപ്പിച്ചു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സൂപ്പർ ലീഗ് പോരാട്ടം ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തു പോയതിന്റെ നിരാശയെ മാറ്റാനും എഎഫ്‌സി കപ്പിന് യോഗ്യത നേടാനുമുള്ള അവസരമാണ്. എന്നാൽ കൊച്ചിയിലെ സ്റ്റേഡിയത്തെ വെച്ച് നോക്കുമ്പോൾ മലബാറിലെ സ്റ്റേഡിയങ്ങൾ അത്ര മികച്ചല്ലെന്ന കാര്യത്തിൽ സംശയമില്ല. സൂപ്പർ ലീഗിനായി സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ സംഘാടകർ മെച്ചപ്പെടുത്തുമോയെന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല.