അർജന്റീന താരത്തെ ഗുരുതരമായ ഫൗൾ ചെയ്‌ത കസമീറോക്ക് ചുവപ്പുകാർഡ്, കാത്തിരിക്കുന്നത് മുട്ടൻ പണി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കസമീറോക്ക് വീണ്ടും ചുവപ്പുകാർഡ്. സൗത്താംപ്റ്റനെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിലാണ് ബ്രസീലിയൻ താരത്തിന് ചുവപ്പുകാർഡ് ലഭിച്ചത്. മത്സരത്തിന്റെ മുപ്പത്തിനാലാം മിനുട്ടിൽ തന്നെ ചുവപ്പുകാർഡ് നേടിയ കസമീറോ കഴിഞ്ഞ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നേടുന്ന രണ്ടാമത്തെ ചുവപ്പുകാർഡാണിത്. ക്രിസ്റ്റൽ പാലസിനെതിരെയാണ് ഇതിനു മുൻപ് കസമീറോ ചുവപ്പ്കാർഡ് വാങ്ങിയത്.

മത്സരത്തിന്റെ മുപ്പത്തിനാലാം മിനുട്ടിൽ കസമീറോയും അർജന്റീന താരം കാർലോസ് അൽകാരസും പന്തിനായി ശ്രമിക്കുകയായിരുന്നു. പന്തെടുക്കാനായി ഡൈവിങ് ടാക്കിളിനു ശ്രമിച്ച കസമീറോ അതിൽ വിജയിക്കാതെ കാർലോസ് അൽകാരസിനെ ഫൗൾ ചെയ്‌തു. റഫറി ആദ്യം മഞ്ഞക്കാർഡാണ്‌ നൽകിയതെങ്കിലും പിന്നീട് വീഡിയോ അസിസ്റ്റന്റ് റഫറി ഫൗളിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം അത് ചുവപ്പുകാർഡാക്കി മാറ്റി.

തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ രണ്ടാമത്തെ ചുവപ്പുകാർഡ് ലഭിച്ചതോടെ താരത്തെ തേടി കടുത്ത ശിക്ഷാനടപടി വരാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ നാല് മത്സരങ്ങളിൽ താരത്തിനു വിലക്ക് വരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കസമീറോ. അത്രയും മത്സരങ്ങൾ വിലക്ക് വന്നാൽ അത് ടീമിന് പ്രീമിയർ ലീഗ് കിരീടത്തിനുള്ള സാധ്യത ഇല്ലാതാക്കും.

മറ്റൊരു രസകരമായ കാര്യമെന്താണെന്നു വെച്ചാൽ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് കസമീറോ ഒരിക്കൽ പോലും നേരിട്ടുള്ള ചുവപ്പ്കാർഡ് വാങ്ങിയിട്ടില്ല. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആദ്യത്തെ സീസണിൽ തന്നെ മൂന്നു മത്സരങ്ങൾക്കിടയിൽ രണ്ടാമത്തെ നേരിട്ടുള്ള ചുവപ്പുകാർഡ് താരം വാങ്ങി. താരം വാങ്ങിയത് നേരിട്ടുള്ള ചുവപ്പുകാർഡ് ആയതിനാലാണ് കൂടുതൽ മത്സരങ്ങളിൽ വിലക്ക് വരാൻ സാധ്യതയുള്ളതും.