“അർജന്റീനയെ എങ്ങിനെ തടുക്കണം എന്നറിയാത്ത അവസ്ഥയായിരുന്നു”- ലോകകപ്പ് ഫൈനലിനെക്കുറിച്ച് ദെഷാംപ്‌സ്

ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ വലിയ തിരിച്ചടി ഏറ്റു വാങ്ങിയെങ്കിലും അതിനു ശേഷം ഓരോ മത്സരങ്ങൾ കഴിയുമ്പോഴും കൂടുതൽ കൂടുതൽ ശക്തിയുള്ള ടീമായി അർജന്റീന മാറുകയാണുണ്ടായത്. ഇത്തവണ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിച്ച ടീമായ ഫ്രാൻസിനെതിരായ ഫൈനലിൽ രണ്ടു ഗോളിന്റെ ലീഡ് നേടിയതിനു എൺപതു മിനുട്ടോളം നിഷ്പ്രഭമാക്കാൻ അർജന്റീനക്ക് കഴിഞ്ഞു.

അതിനു ശേഷം ഫ്രാൻസ് രണ്ടു ഗോളുകൾ തിരിച്ചടിച്ചതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയത്. മത്സരത്തിൽ ഫ്രാൻസ് ചെറുത്തു നിന്നെങ്കിലും തങ്ങളെ നിഷ്പ്രഭമാക്കാൻ അർജന്റീന ടീമിന് കഴിഞ്ഞുവെന്നും അതിനുള്ള പദ്ധതികൾ അവർ കൃത്യമായി നടത്തിയെന്നും കഴിഞ്ഞ ദിവസം ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ് പറഞ്ഞു.

“മത്സരത്തിന്റെ തുടക്കം മുതൽ തന്നെ വിജയം നേടുന്നതിനാവശ്യമായ പദ്ധതികൾ അർജന്റീന കൃത്യമായി മുന്നോട്ടു വെച്ചിരുന്നു. അവരെ എങ്ങിനെ തടുക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അവർക്ക് അനുകൂലമാകുന്നതിന്റെ വ്യത്യാസങ്ങൾ കണ്ടിരുന്നു. അവർ രണ്ടാമത്തെ ഗോൾ നേടുന്നതിന് മുൻപേ തന്നെ പകരക്കാരെ ഇറക്കാനായിരുന്നു എന്റെ പദ്ധതിയെങ്കിലും അർജന്റീന ഗോൾ നേടി.” ദെഷാംപ്‌സ് പറഞ്ഞു.

ഫ്രാൻസിനെ നിഷ്പ്രഭമാക്കിയ അർജന്റീന അനായാസം വിജയം നേടുമെന്ന് പ്രതീക്ഷിച്ച സമയത്താണ് രണ്ടു ഗോളുകൾ നേടി എംബാപ്പെ തിരിച്ചടിക്കുന്നത്. അതിനു ശേഷം എക്‌സ്ട്രാ ടൈമിൽ ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിക്കുമെങ്കിലും എംബാപ്പെ വീണ്ടും ഗോൾ നേടിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി എമിലിയാനോ മാർട്ടിനസിന്റെ ഹീറോയിസത്തിൽ അർജന്റീന ലോകകപ്പ് കിരീടം നേടുകയായിരുന്നു.