മുട്ടുമടക്കാനില്ലെന്ന് തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, എഐഎഫ്എഫ് നടപടിക്കെതിരെ സമുന്നത കോടതിയിലേക്ക് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയെടുത്ത വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ നടപടിക്കെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴശിക്ഷ വിധിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴയും പരിശീലകൻ ഇവാന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്.

ഈ നടപടി ആംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകിയിരുന്നെങ്കിലും എഐഎഫ്എഫ് കമ്മിറ്റി അതും തള്ളുകയാണുണ്ടായത്. ഇതോടെ എന്തായാലും പിഴശിക്ഷ നൽകിയേ തീരു എന്ന നിലയിലേക്ക് ബ്ലാസ്റ്റേഴ്‌സ് എത്തി. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷന്റെ നടപടിക്കെതിരെ അവസാനം വരെ പൊരുതാൻ തന്നെയാണ് ടീമിന്റെ തീരുമാനം.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നടപടിക്കെതിരെ കായികലോകത്തെ സമുന്നത കോടതിയായ കോർട്ട് ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട്ടിൽ അപ്പീൽ നൽകാനാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിരിക്കുന്നത്. അപ്പീൽ പരിഗണിച്ചാൽ അതിൽ വിധിയുണ്ടാകുന്നത് വരെ ബ്ലാസ്റ്റേഴ്‌സ് പിഴ അടക്കേണ്ടതില്ല. അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയും ബ്ലാസ്റ്റേഴ്‌സിനുണ്ട്.

ഇന്ത്യൻ സൂപ്പർ റഫറിയിങ്ങിനെതിരെ നിരവധി പരാതികൾ പലപ്പോഴായി ഉയർന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ച രീതിയെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടെങ്കിലും അതുപോലെയൊരു പ്രതിഷേധം ആവശ്യമായിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നുമില്ല. ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങളും ആ പ്രതിഷേധം കൊണ്ടുണ്ടായി. അടുത്ത സീസൺ മുതൽ വീഡിയോ റഫറിയിങ് സംവിധാനം ഏർപ്പെടുത്താൻ എഐഎഫ്എഫ് തീരുമാനമെടുത്തത് അതിനു ശേഷമാണ്.

Kerala Blasters Take Battle With AIFF To CAS