അർജന്റീന കേരളത്തിലെത്താൻ കൂടുതൽ സാധ്യത തെളിയുന്നു, കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് എഐഎഫ്എഫ് | Argentina

അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന കേരളത്തിന്റെ നിലപാട് പരിഗണിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറിയായ ഷാജി പ്രഭാകരൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി വഴി ഔദ്യോഗികമായി തന്നെ നീങ്ങിയാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടി എടുക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ജൂണിൽ നടന്ന സൗഹൃദ മത്സരങ്ങളിലൊന്ന് ഇന്ത്യയിൽ കളിക്കാനുള്ള സന്നദ്ധത അർജന്റീന അറിയിച്ചിരുന്നു. ഇന്ത്യയും ബംഗ്ലാദേശുമാണ് മത്സരത്തിനായി അർജന്റീന പരിഗണിച്ചതെങ്കിലും പണമില്ലെന്ന കാരണം പറഞ്ഞ് രണ്ടു രാജ്യങ്ങളും അതിൽ നിന്നും പിൻമാറി. ഇക്കാര്യം ഷാജി പ്രഭാകരൻ വെളിപ്പെടുത്തിയതിനു ശേഷം രൂക്ഷമായ വിമർശനമാണ് ഉണ്ടായത്. ഇതിനു പിന്നാലെ കേരള സ്പോർട്ട്സ് മിനിസ്റ്റർ കേരളത്തിലേക്ക് അർജന്റീന ടീമിനെ ക്ഷണിച്ച് കത്തയക്കുകയും ചെയ്‌തു.

ഇക്കാര്യം വാർത്തയായതോടെയാണ് കേരളത്തിന്റെ താൽപര്യം പരിഗണിക്കാമെന്ന് ഷാജി പ്രഭാകരൻ അറിയിച്ചത്. അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യൻ ടീമുമായി കളിക്കാനല്ല അവർക്ക് പദ്ധതിയുണ്ടായിരുന്നെതെന്നും അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നില്ലെന്നും കേരളത്തിന്റെ താൽപര്യം പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ടീം നിരവധി രാജ്യങ്ങളിൽ നിന്നുണ്ടായ ആരാധക പിന്തുണയ്ക്ക് നന്ദി പറഞ്ഞിരുന്നു. അതിനു പുറമെ കേരളത്തിന്റെ പേര് അവർ എടുത്തു പറഞ്ഞത് എല്ലാവർക്കും ആശ്ചര്യം നൽകിയ കാര്യമാണ്. കേരളം അർജന്റീനക്ക് നൽകിയ പിന്തുണ ആഗോള തലത്തിൽ തന്നെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്‌തതിനാൽ അർജന്റീന എത്തുമെന്ന പ്രതീക്ഷ ആരാധകർക്ക് തുടരാം.

AIFF Will Consider Kerala Wish To Host Argentina