അക്രോബാറ്റിക് ഗോളും അവിശ്വസനീയ ഫ്രീ കിക്കും, മെസിയുടെ രണ്ടു ഗോളുകൾ ലീഗിലെ മികച്ച ഗോളിനുള്ള പട്ടികയിൽ | Messi

രണ്ടു വർഷം ഫ്രഞ്ച് ലീഗിൽ കളിച്ച മെസി കരാർ അവസാനിച്ചതോടെ ക്ലബ് വിട്ടിരുന്നു. പുതിയ കരാർ നൽകാൻ പിഎസ്‌ജി തയ്യാറായിരുന്നെങ്കിലും ഖത്തർ ലോകകപ്പിനു ശേഷം ആരാധകർ എതിരായി വന്നതാണ് മെസി ക്ലബിൽ നിന്നും പുറത്തു കടക്കാൻ പ്രധാന കാരണമായത്. ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും താരം ഒടുവിൽ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലാണ് എത്തിയത്.

പിഎസ്‌ജി വിട്ടെങ്കിലും ഇപ്പോഴും ഫ്രാൻസിൽ മെസി നിറഞ്ഞു നിൽക്കുന്നുണ്ട്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച ഗോൾ അവാർഡിനുള്ള പട്ടിക പുറത്തു വിട്ടപ്പോൾ ലയണൽ മെസിയുടെ രണ്ടു ഗോളുകളാണ് അതിൽ ഇടം പിടിച്ചിരിക്കുന്നത്. ലീഗിലെ മറ്റൊരു താരത്തിന്റെയും രണ്ടു ഗോളുകൾ അവാർഡിനായി പരിഗണനയിൽ ഇല്ലെന്നത് മെസി മറ്റുള്ളവരിൽ നിന്നും എത്ര വ്യത്യസ്ഥനാണെന്ന് വ്യക്തമാക്കുന്നു.

ഫ്രഞ്ച് ലീഗിൽ ക്ലെർമോണ്ട്, നീസ് എന്നിവർക്കെതിരെ നേടിയ ഗോളുകളാണ് മികച്ച ഗോൾ അവാർഡിനായി പരിഗണിക്കപ്പെടുന്നത്. ക്ലെർമോണ്ടിനെതിരെ ബോക്‌സിനുള്ളിൽ വെച്ച് പന്ത് നെഞ്ചിൽ സ്വീകരിച്ചതിനു ശേഷം അക്രോബാറ്റിക് കിക്കിലൂടെയാണ് മെസി ഗോൾ നേടിയത്. നീസിനെതിരായ മത്സരത്തിൽ ഗോൾകീപ്പർക്ക് അനങ്ങാൻ പോലും ഇടനൽകാതെ മനോഹരമായ ഫ്രീകിക്ക് ഗോളും താരം നേടി.

രണ്ടു ഗോളുകളും അവാർഡിന് അർഹതയുള്ളതാണെന്നതിൽ സംശയമില്ല. ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ എംബാപ്പെയുടെ ഒരു ഗോൾ പോലും പുരസ്‌കാരത്തിനുള്ള പട്ടികയിലില്ല. പിഎസ്‌ജിക്കായി ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മികച്ച പ്രകടനം നടത്തിയിരുന്ന മെസിയെ കൂക്കി വിളിച്ചതിൽ ക്ലബിന്റെ ആരാധകർ ദുഖിക്കുന്നുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Messi Two Goals Nominated For Ligue 1 Best Goal Award