ലയണൽ മെസിയുടെ പിറന്നാളിന് 14 ജില്ലകളിലും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി റൊണാൾഡോ ആരാധകക്കൂട്ടം | Messi

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോൾ വൈരിക്ക് കാരണക്കാരായ താരങ്ങളാണ്. ഫുട്ബോൾ ആരാധകരെ തന്നെ രണ്ടു വിഭാഗങ്ങളായി തിരിക്കാൻ ഈ താരങ്ങൾക്ക് പ്രകടനമികവു കൊണ്ട് കഴിഞ്ഞു. ഒരേ കാലഘട്ടത്തിൽ കളിച്ച ഈ രണ്ടു താരങ്ങളുടെ പേരിൽ ഇന്നും ആരാധകർ തർക്കങ്ങൾ തുടരുന്നുവെന്നതും എടുത്തു പറയേണ്ടതാണ്.

മെസിയോ റൊണാൾഡോയോ മികച്ചതെന്നു പറഞ്ഞു തർക്കിക്കുന്ന ആരാധകർക്കിടയിൽ വ്യത്യസ്‌തമായ നിലപാടാണ് കേരളത്തിലെ റൊണാൾഡോ ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ എടുക്കുന്നത്. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന മെസിയുടെ പിറന്നാളിന്റെ ഭാഗമായി കേരളത്തിലെ പതിനാലു ജില്ലകളിലും സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് മാതൃകയാകുന്നത്‌.

കഴിഞ്ഞ വർഷം ലയണൽ മെസിയുടെ പിറന്നാളിന് രക്തദാനവും വൃദ്ധസദനങ്ങളിൽ ഭക്ഷണവിതരണവും നടത്തിയ കൂട്ടായ്‌മ ഇത്തവണ അതിനൊപ്പം നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം നടത്തി. ജൂൺ ആറു മുതൽ ഇരുപത്തിനാലു വരെയുള്ള ദിവസങ്ങളിലാണ് കുട്ടികൾക്ക് പുസ്‌തകങ്ങളും പഠനോപകരണങ്ങളും ഇവർ വിതരണം നടത്തിയത്.

ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരിൽ പരസ്‌പരം പോരടിക്കുന്ന ഒരുകൂട്ടം ആരാധകരുടെ ഇടയിലാണ് വേറിട്ട പ്രവർത്തനവുമായി ഇവർ മാതൃകയായി മാറുന്നത്. അംഗങ്ങളായ റൊണാൾഡോ ആരാധകരുടെ പൂർണ പങ്കാളിത്തം, സഹകരണം എന്നിവ കൊണ്ടു മാത്രമാണ് ഇത്തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നതെന്ന് ഭാരവാഹികൾ പ്രതികരിച്ചു.

Ronaldo Fans Conduct Charity Programme In Messi Birthday