കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം തകർത്ത വിവാദഗോൾ വീണ്ടുമോർമിപ്പിച്ച് ബെംഗളൂരു, ഇതിനു പ്രതികാരം ചെയ്തേ മതിയാകൂ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിലെ പ്ലേ ഓഫിലുണ്ടായ വിവാദസംഭവം ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനും മറക്കാൻ കഴിയില്ല. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടുപോയ മത്സരത്തിൽ സുനിൽ ഛേത്രി എടുത്ത വിവാദ ഫ്രീകിക്ക് ഗോളിലാണ് ബെംഗളൂരു വിജയം നേടിയത്. ഒരിക്കലും അനുവദിക്കാൻ പാടില്ലായിരുന്ന ആ ഗോൾ ബെംഗളൂരുവിനു നൽകിയ റഫറി ക്രിസ്റ്റൽ ജോൺ വിവാദനായകനുമായി മാറി.

ആ സംഭവം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ അതുണ്ടാക്കിയ മുറിവ് പൂർണമായും ഉണങ്ങിയിട്ടില്ല. ആ മുറിവിൽ മുളക് തേക്കുന്നത് പോലെയാണ് കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്‌സി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്‌തത്‌. അന്നത്തെ വിവാദംസംഭവങ്ങൾ കോർത്തിണക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റ്.

“ചിലർ ചിരിച്ചു, ചിലർ കരഞ്ഞു, അധികമാളുകളും നിശബ്‌ദരായി. ഞാൻ മരണമായി മാറി, ലോകങ്ങളെ നശിപ്പിക്കുന്നവൻ.” ഒപ്പെൻഹെയ്‌മറുടെ ഈയൊരു വാക്കുകളാണ് വീഡിയോയിൽ സന്ദേശമായിട്ടുള്ളത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത വിവാദഗോൾ നേടിയ സുനിൽ ഛേത്രിയെ ഹീറോയാക്കി ചിത്രീകരിക്കുന്ന പോസ്റ്റ് രണ്ടു ടീമുകളും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് ബെംഗളൂരു പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ബെംഗളൂരുവിന്റെ ഈയൊരു പോസ്റ്റിനു കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതികരണവുമായി എത്തുന്നുണ്ട്. അന്നത്തെ മത്സരം റഫറി ദാനം ചെയ്‌ത ഒന്നാണെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറയുമ്പോൾ ഇവാൻ വുകോമനോവിച്ചിന്റെ വാക്ക്ഔട്ടിനെ കളിയാക്കി ബെംഗളൂരു ആരാധകരും രംഗത്തു വരുന്നു. അടുത്ത മത്സരത്തിൽ ഇതിനുള്ള മറുപടി തരാമെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറയുന്നു.

ബെംഗളൂരുവിൽ വെച്ച് നടക്കുന്ന അടുത്ത മത്സരത്തിൽ ഇതിനു ബ്ലാസ്റ്റേഴ്‌സ് വിജയം കൊണ്ട് മറുപടി നൽകിയേ തീരൂ. അതിലൂടെ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കാൻ കൂടി ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ട്. സീസണിൽ ഇതിനു മുൻപ് രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു എന്നതിനാൽ ബെംഗളൂരുവിന്റെ മൈതാനത്തും മറുപടി നൽകാൻ കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Kerala Blasters Trolled By Bengaluru FC