ഗോളടിച്ചു കൂട്ടാൻ ബ്രസീലിയൻ സ്‌ട്രൈക്കറെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ടീം ഇത്തവണ പ്ലേ ഓഫിൽ നിന്നും പ്രതിഷേധസൂചകമായി ഇറങ്ങിപ്പോന്ന് ലീഗ് കിരീടത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കി. അതിനു ശേഷം സൂപ്പർ കപ്പിലെങ്കിലും ടീം പൊരുതുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തു പോയി. ആരാധകർക്ക് വലിയ നിരാശയാണ് ഇത് സമ്മാനിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളിൽ കിരീടം നേടാത്ത ടീമായി ഇനി അവശേഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മാത്രമാണ്. അടുത്ത സീസണിൽ ഈ നാണക്കേട് മറികടക്കുകയെന്നത് ഇന്ത്യയിൽ ഏറ്റവും ശക്തമായ ആരാധക പിന്തുണയുള്ള ടീമിനെ സംബന്ധിച്ച് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ബ്രസീലിയൻ താരമായ ക്‌ളീറ്റൻ സിൽവയെ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ ആയിരുന്നു ക്‌ളീറ്റൻ സിൽവ. ഈസ്റ്റ് ബംഗാളിനായി ഇരുപതു മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം പന്ത്രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. താരത്തെ ലഭിക്കുമോ എന്നതിനെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് അന്വേഷണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 മുതൽ 2022 വരെ ബെംഗളൂരുവിനായി കളിച്ച് പിന്നീട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയ സിൽവ ലീഗിൽ പരിചയസമ്പന്നനാണ്.

ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര താരങ്ങളിൽ ഒരാളായ ദിമി കരാർ പുതുക്കിയെങ്കിലും മറ്റൊരു താരമായ ഗിയാനു ക്ലബ് വിടുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനു പകരക്കാരനായി ക്‌ളീറ്റൻ സിൽവയെ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ താരത്തിന്റെ കരാർ പുതുക്കാൻ ഈസ്റ്റ് ബംഗാളും ശ്രമിക്കുന്നുണ്ട്. ഈ സീസണിൽ സിൽവ പന്ത്രണ്ടു ഗോളുകൾ ലീഗിൽ നേടിയപ്പോൾ പത്ത് ഗോളുകൾ നേടിയ താരമാണ് ദിമിത്രിയോസ്. ഇവർ രണ്ടു പേരും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിൽ ഒരുമിച്ചാൽ അത് ടീമിനോട് മുതൽക്കൂട്ടായിരിക്കും.

Kerala Blasters Moving For Cleiton Silva