“റയൽ മാഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിക്കുകയല്ല, തകർത്തു കളയും” | Wayne Rooney

റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി തന്നെ വിജയം സ്വന്തമാക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണി. ഈ സീസൺ മാഞ്ചസ്റ്റർ സിറ്റിയുടെ സ്വന്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു പറഞ്ഞ താരം റയൽ മാഡ്രിഡിനെ സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ചുമ്മാ തോൽപ്പിക്കുകയല്ല, മറിച്ച് തകർത്തു കളയുകയാണ് ചെയ്യുകയെന്നും അഭിപ്രായപ്പെട്ടു.

“മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെ തോൽപ്പിക്കുകയല്ല ചെയ്യാൻ പോകുന്നത്, അവരെ തകർത്തു കളയുകയായിരിക്കും. റയൽ മാഡ്രിഡിന്റെ പരിചയസമ്പത്ത്, ഒറ്റക്കെട്ടായുള്ള മുൻപരിചയം എന്നിവയെ എഴുതിത്തള്ളാൻ കഴിയില്ലെങ്കിലും ഞാൻ അവരുടെ മേൽ വാതുവെക്കാൻ തയ്യാറല്ല. ഈ വർഷം മാഞ്ചസ്റ്റർ സിറ്റിയുടേത് ആയിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.” ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസിൽ എഴുതുന്ന കോളത്തിൽ വെയ്ൻ റൂണി പറഞ്ഞു.

അതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ പ്രകോപിതരാക്കുന്ന ഒരു അഭിപ്രായവും റൂണി പറഞ്ഞു. “മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടുകയാണെങ്കിൽ അവരെ 1999ലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം നിർത്തേണ്ടതാണ്. 2008ൽ വിജയം നേടിയ ഞങ്ങളുടെ ടീമും വളരെ മികച്ച ഒന്നായിരുന്നു, പക്ഷെ സിറ്റി ഞങ്ങൾ ചെയ്‌തതിനും അപ്പുറമാണ് ഇപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്നതെന്നതിൽ സംശയമില്ല.” താരം കൂട്ടിച്ചേർത്തു.

നിലവിലെ ഫോം പരിഗണിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് സാധ്യത കൂടുതലെങ്കിലും റൂണി പറയുന്നത് പോലെ റയൽ മാഡ്രിഡ് അനായാസം കീഴടങ്ങും എന്ന് തോന്നുന്നില്ല. ചാമ്പ്യൻസ് ലീഗിലേക്ക് വരുമ്പോൾ ഇരട്ടി കരുത്ത് കാണിക്കുന്ന ടീമാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ സീസണിൽ അവരത് പ്രകടമാക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ഒസാസുനയെ തോൽപ്പിച്ച് കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയത് റയൽ മാഡ്രിഡിന് കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യും.

Wayne Rooney Says Man Cit Will Destroy Real Madrid