ഇതാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത്, റൊണാൾഡോയുടെ അൽ നസ്റിനെ നിലം തൊടാതെ പറപ്പിച്ചു | Kerala Blasters
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലൂടെ ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് എന്ന സ്പോർട്ട്സ് മാനേജ്മെന്റ് ടീം നടത്തുന്ന ട്വിറ്റർ ലോകകപ്പ് 2024ലെ ആദ്യത്തെ പോരാട്ടത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ആരാധകർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിൽ മുന്നിലെത്തുന്ന ടീമുകൾ വിജയിക്കുന്ന ഈ ലോകകപ്പിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിനെയാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫോർമാറ്റിൽ തന്നെയാണ് ട്വിറ്റർ ലോകകപ്പും നടക്കുന്നത്. വിവിധ കായിക ഇനങ്ങളിലുള്ള മികച്ച ഫാൻബേസുള്ള ടീമുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഇന്ത്യയിൽ നിന്നും ഫുട്ബോൾ ക്ലബായി ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഇതിൽ ഇടം പിടിച്ചിരിക്കുന്നത്. അതേസമയം മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ഐപിഎൽ ടീമുകളുമുണ്ട്.
— Deportes&Finanzas® (@DeporFinanzas) March 27, 2024
തിരഞ്ഞെടുക്കപ്പെടുന്ന ടീമുകളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയാണ് ആദ്യത്തെ ചുവടുവെപ്പ്. അതിനു ശേഷം ഈ ഗ്രൂപ്പിലെ ടീമുകൾ തമ്മിൽ മത്സരങ്ങൾ നടക്കും. ട്വിറ്ററിൽ നടക്കുന്ന പോളിലൂടെയാണ് മത്സരം നടക്കുക. ഇതിൽ ആരാധകർ നടത്തുന്ന വോട്ടെടുപ്പിന്റെ കണക്കുകൾ അനുസരിച്ച് ഏതു ടീമാണ് മത്സരത്തിൽ വിജയം നേടിയതെന്ന് മനസിലാക്കാൻ കഴിയും.
ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന ക്ലബാണെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കായില്ല. ഏതാണ്ട് നാലായിരത്തോളം പേർ വോട്ടു ചെയ്തപ്പോൾ എഴുപത്തിയാറു ശതമാനം വോട്ടും ബ്ലാസ്റ്റേഴ്സിന് തന്നെയാണ് ലഭിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസ്ർ എഫ്സിക്ക് ഇരുപത്തിനാല് ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഒരു സോഷ്യൽ മീഡിയ പോരാട്ടം മാത്രമാണിതെങ്കിലും ബ്ലാസ്റ്റേഴ്സ് എന്ന ടീമിനെയും അവരുടെ ആരാധകരുടെ കരുത്തിനെയും ലോകമറിയാൻ ഇതുപകരിക്കും. കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഗ്രൂപ്പിൽ നേരിടാനുള്ളത് മാഞ്ചസ്റ്റർ സിറ്റി, ബ്രസീലിയൻ ക്ലബായ ബോട്ടഫോഗോ, കൊളംബിയൻ ക്ലബായ മില്ലോനാരിയോസ് എന്നിവരെയാണ്.
Kerala Blasters Won Against Al Nassr In Twitter World Cup