മാജിക്കൽ ലൂണ, മനോഹരമായ ടീം പ്ലേ; ജംഷഡ്‌പൂരിനെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

പുതുവർഷത്തിൽ വിജയത്തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയുടെ മൈതാനത്തു നടന്ന മത്സരത്തിൽ ജംഷഡ്പൂരിനെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ മത്സരത്തിൽ ജിയാനു, ദിമി, ലൂണ എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയപ്പോൾ ജംഷഡ്‌പൂറിന്റെ ആശ്വാസഗോൾ ചിമയാണ് സ്വന്തമാക്കിയത്. മത്സരത്തിൽ വിജയം നേടിയതോടെ എടികെ മോഹൻ ബഗാനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയതിനൊപ്പം അടുത്ത മത്സരത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്കെതിരെ ആത്മവിശ്വാസത്തോടെ ഇറങ്ങാനും ബ്ലാസ്റ്റേഴ്‌സിന് കഴിയും.

എതിരാളിയെ ചുവടുറപ്പിക്കാൻ സമ്മതിക്കാതെ തുടക്കം മുതൽ തന്നെ വേഗതയേറിയ ആക്രമണങ്ങൾ സംഘടിപ്പിച്ച് ഗോൾ നേടുകയെന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രം. അതിൽ വിജയിച്ച അവർ ഒൻപതാം മിനുട്ടിൽ തന്നെ ലീഡ് നേടി. വിങ്ങിലൂടെ മുന്നേറി ഡയമെന്റക്കൊസ് നൽകിയ പാസിൽ മനോഹരമായ ബാക്ക്ഹീൽ ഫ്ലിക്കിലൂടെ ജിയാനുവാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ സന്തോഷത്തിനു വെറും എട്ടു മിനുട്ട് നേരത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോൾ വഴങ്ങിയതോടെ ഉണർന്ന ജംഷഡ്‌പൂർ ചിമ ചുക്വുവിലൂടെ ഒരു ഗോൾ മടക്കി.

ജംഷഡ്‌പൂർ ഗോൾ നേടിയതോടെ അതുവരെ തീവ്രമായി ആക്രമിച്ചു കളിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സ് ചുവടുമാറ്റി. പ്രതിരോധത്തിൽ പാളിച്ചകൾ വരാതെ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുക എന്ന രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് പിന്നീടു കളിച്ചത്. അതോടെ ജംഷഡ്‌പൂർ വലിയ ഭീഷണിയൊന്നും ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് ഉയർത്തിയില്ല. മുപ്പത്തിയൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നിലെത്തി. ബ്ലാസ്‌റ്റേഴ്‌സിനെ ക്രോസ് ബോക്‌സിനുള്ളിൽ വെച്ച് ജംഷഡ്‌പൂർ താരത്തിന്റെ കയ്യിൽ കൊണ്ടതിനു റഫറി വിധിച്ച പെനാൽറ്റി ദിമി ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡ് നിലനിർത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇടവേളക്ക് പിരിഞ്ഞത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജംഷഡ്‌പൂരിനു ഗോൾ നേടാനുള്ള അവസരം ഉണ്ടായെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ഗിൽ അവിടെ രക്ഷകനായി. മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിലാണ് ഏറ്റവും മനോഹരമായ ഗോൾ പിറന്നത്. സ്വന്തം ഹാഫിൽ നിന്നും ലൂണ തുടങ്ങിവെച്ച മുന്നേറ്റം മുന്നേറ്റനിരയിലെ സഹൽ, ദിമി, ജിയാനു എന്നിവർക്ക് വൺ ടച്ച് പാസിലൂടെ കൈമാറി വന്ന് ഒടുവിൽ ലൂണ തന്നെ ഗോൾ നേടുകയായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു അതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

മൂന്നാം ഗോൾ വഴങ്ങിയതോടെ തിരിച്ചു വരാമെന്നുള്ള പ്രതീക്ഷകൾ ഇല്ലാതായ ജംഷഡ്‌പൂർ പിന്നീട് ഭീഷണിയാകുന്ന മുന്നേറ്റങ്ങളൊന്നും സംഘടിപ്പിച്ചില്ല. അതേസമയം പ്രത്യാക്രമണത്തിലൂടെ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നെങ്കിലും അതൊന്നും വിജയം കണ്ടില്ല. നേടിയ ഗോളിനെ പ്രതിരോധിക്കുക എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പിന്നീട് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ കുറയാൻ കാരണമായത്. ഇഞ്ചുറി ടൈമിൽ നിഷു കുമാർ ബോക്‌സിനു പുറത്തു നിന്നുള്ള ഒരു ഷോട്ടുതിർത്തതും ജംഷഡ്‌പൂർ താരത്തിന്റെ ഷോട്ട് പുറത്തു പോയതും മാത്രമാണ് ഗോളിന് സാധ്യതയുണ്ടായിരുന്ന നിമിഷങ്ങൾ.