ലൂണയുടെയും ദിമിയുടെയും കാര്യത്തിൽ എന്താണ് തീരുമാനം, കേരള ബ്ലാസ്റ്റേഴ്സ് നേതൃത്വത്തോട് ആരാധകർ ചോദിക്കുന്നു | Kerala Blasters
ഐഎസ്എൽ സീസണിന്റെ രണ്ടാം പകുതി മുന്നോട്ടു പോയിക്കൊണ്ടിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ മാത്രമാണ് ബാക്കി. പരിക്കിന്റെ തിരിച്ചടികളും ടീമിലെത്തിച്ച പുതിയ താരങ്ങൾ അവസരത്തിനൊത്ത് ഉയരാത്തതും കാരണം ടീം തുടർച്ചയായ തോൽവികൾ നേരിട്ട് കൊണ്ടിരിക്കുന്നു. അതിനൊപ്പം ടീമിലെ പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റു പുറത്താവുകയും ചെയ്യുന്നു.
ഇതിനിടയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസമായി വന്ന ഒരേയൊരു വാർത്ത ടീമിന്റെ പ്രധാന പ്രതിരോധതാരമായ മിലോസ് ഡ്രിഞ്ചിച്ചിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ് നേതൃത്വം നീക്കങ്ങൾ നടത്തുന്നുണ്ട് എന്നതാണ്. സീസണിന്റെ തുടക്കത്തിൽ ടീമിലെത്തി മികച്ച പ്രകടനം നടത്തുന്ന താരത്തെ നിലനിർത്തുന്നത് അടുത്ത സീസണിൽ ടീമിന് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.
Kerala Blasters FC are in 'advanced talks' with their Montenegrin defender Miloš Drinčić over a new contract. @90ndstoppage #KBFC pic.twitter.com/BSrk7crEyR
— KBFC XTRA (@kbfcxtra) February 19, 2024
അതേസമയം ഡ്രിഞ്ചിച്ചിന്റെ കരാർ പുതുക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തുന്ന പ്രധാനപ്പെട്ട ചോദ്യം ടീമിലെ മറ്റു രണ്ടു വിദേശതാരങ്ങളെക്കുറിച്ചാണ്. ടീമിന്റെ നായകനായിരുന്ന അഡ്രിയാൻ ലൂണയും ടീമിന്റെ പ്രധാന സ്ട്രൈക്കറായ ദിമിത്രിയോസുമാണ് ആ താരങ്ങൾ. ഈ സീസണോടെ ടീമിന്റെ നട്ടെല്ലായ ഈ രണ്ടു താരങ്ങളുടെയും കരാർ അവസാനിക്കാൻ പോവുകയാണ്.
അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ തന്നെ തുടരുമെന്നും പുതിയ കരാറൊപ്പിടാൻ സമ്മതം മൂളിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ അക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ദിമിത്രിയോസിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വാർത്തയും വരുന്നില്ലെന്നതും ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രധാന താരങ്ങളെ മറ്റുള്ള ക്ലബുകൾ റാഞ്ചുന്നത് സ്ഥിരമായി കണ്ടു വരുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഈ താരങ്ങളുടെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ ഇല്ലാത്തത് ആരാധകർക്ക് നിരാശ നൽകുന്നു. മറ്റു താരങ്ങളെ നഷ്ടമായ പോലെ ഈ സീസണിന് ശേഷം ഈ താരങ്ങളെയും നഷ്ടമാകുമോയെന്ന പേടി ആരാധകരിലുണ്ട്.
Kerala Blasters Yet To Renew With Luna And Dimitrios