കേരള ബ്ലാസ്റ്റേഴ്‌സിനെ കൂടുതൽ കരുത്തരാക്കുന്നത് അക്കാര്യമാണ്, ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്ന് ജംഷഡ്‌പൂർ എഫ്‌സി പരിശീലകൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ കപ്പിലെ ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. പെപ്ര ഇരട്ടഗോളുകളും അയ്‌മൻ ആദ്യത്തെ ഗോളും നേടിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. ഐ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന ക്ലബായ ഷില്ലോങ് ലജോങ്ങിനെതിരെ നേടിയ വിജയം ടീമിന് ആത്മവിശ്വാസം നൽകുന്നതാണ്.

സൂപ്പർ കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത് ഐഎസ്എൽ ക്ലബായ ജംഷഡ്‌പൂർ എഫ്‌സിയെയാണ്. മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ പരിശീലകനായ ഖാലിദ് ജമീലിന്റെ കീഴിൽ ഫോമിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചന നൽകുന്ന ടീമാണ് ജംഷഡ്‌പൂർ. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള പോരാട്ടം കടുപ്പമേറിയതാണെന്നാണ് ജമീൽ പറയുന്നത്.

“ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ടു തന്നെ അവരെ അനായാസമാക്കി എടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, അവർ മികച്ച പ്രകടനമാണ് നടത്തുന്നത്. വിദേശ താരങ്ങളുടെയും ഇന്ത്യൻ താരങ്ങളുടെയും മികച്ചൊരു ഗ്രൂപ്പ് അവർക്കുണ്ട്. ഒരു ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി കളിക്കാൻ കഴിയുന്നത് അവരെ കൂടുതൽ കരുത്തരാക്കുന്നു.” ഖാലിദ് ജമീൽ പറഞ്ഞു.

രണ്ടു ടീമുകളും ആദ്യത്തെ മത്സരങ്ങളിൽ വിജയം നേടിയാണ് ഇന്നത്തെ മത്സരത്തിനായി ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയപ്പോൾ ജംഷഡ്‌പൂർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെയാണ് കീഴടക്കിയത്. ഇന്നത്തെ മത്സരത്തിൽ വിജയം നേടേണ്ടത് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ വളരെ നിർണായകമാണ്.

സൂപ്പർ കപ്പിൽ കിരീടം ലക്ഷ്യമിട്ടു തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയിരിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാ പ്രധാന താരങ്ങളും സ്‌ക്വാഡിലുള്ളതും ടീമിൽ ഇടം പിടിക്കുന്നതും അതിന്റെ തെളിവാണ്. ഇന്നത്തെ മത്സരത്തിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച ടീമിനെ അണിനിരത്താൻ തന്നെയാകും ആശാൻ തയ്യാറെടുക്കുന്നത്.

Khalid Jamil Talks About Kerala Blasters