ബാഴ്‌സയെ കിരീടമുറപ്പിക്കാൻ സഹായിച്ച് മിലിറ്റാവോയുടെ അസിസ്റ്റ്, പണി കൊടുത്തത് മുൻ റയൽ മാഡ്രിഡ് താരം തന്നെ | Eder Militao

ബാഴ്‌സലോണയെ ലീഗ് കിരീടത്തിലേക്ക് ഒന്നു കൂടി അടുപ്പിച്ചാണ് റയൽ മാഡ്രിഡ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയത്. ലീഗിലെ നാലാം സ്ഥാനക്കാരായ റയൽ സോസിഡാഡാണ് റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ഇതോടെ ലീഗിലെ മൂന്നാം സ്ഥാനം തന്നെ റയൽ മാഡ്രിഡിന് നഷ്‌ടമാകുമെന്ന സാഹചര്യത്തിൽ നിൽക്കുമ്പോൾ ബാഴ്‌സലോണ കിരീടത്തിലേക്ക് ഒരു വിജയം മാത്രമകലെയാണ്.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നതാണ്. രണ്ടാം പകുതി തുടങ്ങി രണ്ടു മിനുട്ടിനകം തന്നെ റയൽ സോസിഡാഡ് ലീഡ് നേടി. ബ്രസീലിയൻ താരമായ എഡർ മിലിറ്റാവോ ഗോൾകീപ്പർ ക്വാർട്ടുവക്ക് നൽകിയ ബാക്ക് പാസ് പിഴച്ചപ്പോൾ പന്ത് ഓടിയെടുത്ത മുൻ റയൽ മാഡ്രിഡ് താരം ടക്കെഫുസെ കുബെ അനായാസം അത് വലയിലാക്കി. അതിനു പിന്നാലെ ഡാനി കാർവാഹാളിനു ചുവപ്പുകാർഡ് ലഭിച്ചത് റയൽ സോസിഡാഡിന് കാര്യങ്ങൾ എളുപ്പമാക്കി.

ലൂക്ക മോഡ്രിച്ച്, കരിം ബെൻസിമ തുടങ്ങിയ താരങ്ങൾ ഇല്ലാതെ കളിക്കാനിറങ്ങിയത് റയൽ മാഡ്രിഡിന്റെ പ്രകടനത്തെ വളരെയധികം ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെ തിരിച്ചുവരവ് ടീമിനെ സംബന്ധിച്ച് അസാധ്യമായ ഒന്നായി. എൺപത്തിയഞ്ചാം മിനുട്ടിൽ ആൻഡർ ബാറാനെക്സ്റ്റി നേടിയ ഗോളിൽ റയൽ സോസിഡാഡ് ലീഡ് ഉയർത്തിയതോടെ റയൽ മാഡ്രിഡിന്റെ പ്രതീക്ഷകൾ അവസാനിച്ചു. തോൽവി വഴങ്ങിയതോടെ അത്ലറ്റികോ മാഡ്രിഡിന് റയൽ മാഡ്രിഡിനെ മറികടന്നു രണ്ടാമത്തേതാൻ അവസരമുണ്ട്.

അതേസമയം ഒസാസുനക്കെതിരെ അവസാന മിനുട്ടിൽ ആൽബ നേടിയ ഗോളിൽ വിജയം നേടിയ ബാഴ്‌സലോണ കിരീടത്തിലേക്ക് ഒരു ചുവടു കൂടി അടുത്തു. അടുത്തു നടക്കുന്ന കാറ്റലൻ ഡെർബിയിൽ വിജയം നേടിയാൽ ബാഴ്‌സലോണ കിരീടം നേടും. അതേസമയം തോൽവി റയൽ മാഡ്രിഡിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്. ഇനി കോപ്പ ഡെൽ റേ ഫൈനലിൽ ഒസാസുനയെയും ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടാനുള്ള റയൽ മാഡ്രിഡിന് ഒട്ടും ആത്മവിശ്വാസം നൽകുന്നതല്ല കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ വഴങ്ങിയ രണ്ടാമത്തെ തോൽവി.

Takefusa Kubo Scored Goal After Eder Militao Mistake