മെസിയുടെ പകരക്കാരൻ തന്നെ, പതിനാറാം വയസിൽ എതിർടീമിന്റെ സ്റ്റാൻഡിങ് ഒവേഷൻ | Lamine Yamal

ഫുട്ബോൾ ലോകത്ത് സൂപ്പർതാരങ്ങളെ വാർത്തെടുക്കുന്ന ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്നും മറ്റൊരു താരം കൂടി ഉയർന്നു വരുന്നു. നേരത്തെ തന്നെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പതിനാറു വയസ് മാത്രം പ്രായമുള്ള ലാമിൻ യമാലാണ് തന്റെ കഴിവുകൾ വീണ്ടും ലോകത്തിനു മുന്നിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ വിജയം നേടാൻ പ്രധാന പങ്കു വഹിച്ചത് യമാലായിരുന്നു.

എതിരാളികളുടെ മൈതാനത്ത് ബാഴ്‌സലോണ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ മത്സരത്തിൽ വിയ്യാറയൽ മൂന്നു ഗോളുകൾ നേടി തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് രണ്ടു ഗോളുകൾ കൂടി നേടി ബാഴ്‌സലോണ വിജയം സ്വന്തമാക്കുകയായിരുന്നു. ഗാവി, ഫ്രങ്കീ ഡി ജോംഗ്, ഫെറൻ ടോറസ്, റോബർട്ട് ലെവൻഡോസ്‌കി എന്നിവർ ബാഴ്‌സലോണക്കായി ഗോളുകൾ നേടിയപ്പോൾ യുവാൻ ഫോയ്ത്ത്, അലക്‌സാണ്ടർ സോളോറോത്ത്, അലക്‌സ് ബയേന എന്നിവരാണ് വിയ്യാറയലിന്റെ ഗോളുകൾ നേടിയത്.

മത്സരത്തിൽ ഗംഭീര പ്രകടനമാണ് പതിനാറുകാരനായ യമാൽ നടത്തിയത്. ഗാവി നേടിയ ആദ്യത്തെ ഗോളിന് തകർപ്പൻ അസിസ്റ്റ് നൽകിയ സ്‌പാനിഷ്‌ താരത്തിന്റെ ഷോട്ട് രണ്ടു തവണയാണ് പോസ്റ്റിൽ തട്ടി തെറിച്ചു പോയത്. ലെവൻഡോസ്‌കി നേടിയ വിജയഗോൾ ഇത്തരത്തിൽ പോസ്റ്റിൽ തട്ടി വന്ന ഷോട്ടിന്റെ റീബൗണ്ടിൽ നിന്നുമായിരുന്നു. അതിനു പുറമെ വിയ്യാറയൽ താരങ്ങൾക്ക് തലവേദന സൃഷ്‌ടിക്കുന്ന നിരവധി നീക്കങ്ങൾ താരത്തിന്റെ ഭാഗത്തു നിന്നുമുണ്ടായി.

വെറും പതിനാറു വയസ് മാത്രം പ്രായമുള്ള യമാലിനെ എഴുപത്തിയാറാം മിനുട്ടിൽ സാവി പിൻവലിച്ചപ്പോൾ വിയ്യാറയലിന്റെ സ്റ്റേഡിയത്തിലെ ആരാധകർ സ്റ്റാൻഡിങ് ഒവേഷൻ നടത്തിയിരുന്നു. പതിനാറാം വയസിൽ എതിരാളികളുടെ മൈതാനത്തുള്ള ആരാധകർ എണീറ്റ് നിന്ന് അഭിനന്ദിക്കണമെങ്കിൽ താരം നടത്തിയ പ്രകടനത്തിന്റെ റേഞ്ച് മനസിലാക്കാവുന്നതാണ്. തന്റെ കഴിവുകളെ മിനുക്കിയെടുത്താൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ യമാലിന് കഴിയും.

Lamine Yamal Performance Against Villareal