ഗില്ലിനു പകരക്കാരൻ ബെംഗളൂരുവിൽ നിന്നും, ട്രാൻസ്‌ഫർ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾവലക്കു മുന്നിലെ വിശ്വസ്‌തമായ കാരങ്ങളായിരുന്ന ഗില്ലിനെ വിറ്റ തീരുമാനം ആരാധകർക്ക് വലിയ നിരാശയുണ്ടാക്കിയ ഒന്നാണ്. ഇനിയും നിരവധി വർഷങ്ങൾ ക്ലബിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച താരമാണ് ഒന്നരക്കോടി രൂപയുടെ മൂല്യമുള്ള ട്രാൻസ്‌ഫറിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനു വന്ന പിഴശിക്ഷയാണ് ഗില്ലിനെ വിൽക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതേണ്ടത്.

ഗില്ലിനു പകരക്കാരനായി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് വല കാക്കുന്നത് ആരാണെന്ന ചോദ്യം ഉയർന്നിരുന്നു. നിലവിൽ മുപ്പത്തിയേഴുകാരനായ കരൺജിത് സിങ്, ഇരുപത്തിരണ്ടുകാരനായ സച്ചിൻ സുരേഷ് എന്നീ താരങ്ങൾ ഗോൾവല കാക്കാൻ ടീമിനൊപ്പമുണ്ട്. ഇതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ഗോൾകീപ്പറെക്കൂടി സ്‌ക്വാഡിൽ ചേർത്തിട്ടുണ്ട്. തങ്ങളുടെ പ്രധാന എതിരാളികളിലൊന്നായ ബെംഗളൂരുവിൽ നിന്നും ലാറാ ശർമയാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ ചേർന്നിരിക്കുന്നത്.

ഇരുപത്തിനാലുകാരനായ ലാറാ ശർമ്മ ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെയാണ് മിനുക്കിയെടുക്കപ്പെടുന്നത്. അതിനു ശേഷം ഐ ലീഗ് ക്ലബായ ഇന്ത്യൻ ആരോസ്, എടികെ മോഹൻ ബഗാന്റെ റിസർവ് ടീം എന്നിവർക്ക് വേണ്ടി കളിച്ച താരം പിന്നീട് ബംഗളൂരുവിൽ എത്തി. ഡ്യൂറന്റ് കപ്പ് വിജയം നേടിയിട്ടുള്ള ലാറാ സിങ് അണ്ടർ 18 വിഭാഗത്തിൽ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടിയും ഇറങ്ങിയിട്ടുണ്ട്. ഒരു വർഷത്തെ ലോൺ കരാറിലാണ് ബെംഗളൂരുവിൽ നിന്നും താരം ടീമിലെത്തിയിരിക്കുന്നത്.

വെസ്റ്റ് ബംഗാൾ സ്വദേശിയായ ലാറാ ശർമ്മ വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. എടികെ റിസർവ് ടീമിനായി പത്ത് മത്സരങ്ങളും ബെംഗളൂരുവിനായി അഞ്ചു മത്സരങ്ങളും മാത്രം പ്രൊഫെഷണൽ ഫുട്ബോളിൽ കളിച്ചിട്ടുള്ള താരത്തിന് കഴിവ് തെളിയിക്കാനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം വന്നു ചേർന്നിരിക്കുന്നത്. ടീമിന്റെ പ്രധാന ഗോൾകീപ്പറായി മാറാൻ മൂന്നു താരങ്ങളും തമ്മിലുള്ള മത്സരം കൂടുതൽ മികച്ച പ്രകടനം വരാനും സഹായിക്കും.

Lara Sharma Joined Kerala Blasters On Loan