തൊണ്ണൂറ്റിയൊന്നാം മിനുട്ടിൽ വിജയഗോൾ, ഇന്റർ മിലാൻ നായകനായി ലൗടാരോ മാർട്ടിനസിനു ആദ്യകിരീടം | Lautaro Martinez
ഇന്റർ മിലാൻ നായകനായി ആദ്യത്തെ കിരീടം സ്വന്തമാക്കി അർജന്റീനയുടെ മിന്നും സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസ്. കഴിഞ്ഞ ദിവസം നടന്ന ഇറ്റാലിയൻ സൂപ്പർകോപ്പ മത്സരത്തിൽ നാപ്പോളിയെ തോൽപ്പിച്ചാണ് ഇന്റർ മിലാൻ ഈ സീസണിലെ ആദ്യത്തെ കിരീടം സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ പവാർദിന്റെ പാസിൽ വിജയഗോൾ നേടി ലൗറ്റാറോ മാർട്ടിനസ് തന്നെയാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്.
2018ൽ അർജന്റീന ക്ലബായ റേസിങ്ങിൽ നിന്നും ഇന്റർ മിലാനിലേക്ക് ചേക്കേറിയ ലൗറ്റാറോ മാർട്ടിനസ് പിന്നീട് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറി. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിനു പിന്നാലെയാണ് ഈ സീസണിലെ നായകനായി ലൗറ്റാറോയെ നിയമിച്ചത്. ഇപ്പോൾ നായകനായി ടീമിനൊപ്പം ആദ്യത്തെ കിരീടവും താരം നേടി.
Lautaro Martínez GOAL in the Supercoppa Italiana final! ⚽️🇦🇷 pic.twitter.com/MGhyXBBSay
— Inter Xtra (@Inter_Xtra) January 22, 2024
ഇന്റർ മിലാന്റെ മുഖമായി മാറിയ ലൗടാരോ മാർട്ടിനസ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. സീരി എയിൽ പതിനെട്ടു മത്സരങ്ങളിൽ നിന്നും പതിനെട്ടു ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗിലും സൂപ്പർകോപ്പയിലുമായി മൂന്നു ഗോളുകളും നേടി. സീരി എയിൽ ഒരു മത്സരം കുറവ് കളിച്ച് യുവന്റസിന് പിന്നിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ നിൽക്കുന്നത്.
ചാമ്പ്യൻസ് ലീഗിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയ ഇന്റർ മിലാന് അത്ലറ്റികോ മാഡ്രിഡാണ് എതിരാളികൾ. കഴിഞ്ഞ സീസണിൽ ഫൈനലിൽ നഷ്ടമായ കിരീടം സ്വന്തമാക്കാൻ ഇന്റർ മിലാനു കരുത്തുണ്ടെന്ന് അവർ തെളിയിച്ചു കഴിഞ്ഞു. ലൗടാരോ മാർട്ടിനസിന്റെ മികച്ച പ്രകടനം തന്നെയാണ് അവർക്ക് കരുത്ത് നൽകുന്നത്.
നിരവധി വമ്പൻ ക്ലബുകൾ വലവിരിച്ചിട്ടും ഇന്റർ മിലാനിൽ തന്നെ തുടരുന്ന ലൗടാരോ മാർട്ടിനസ് ഒരു നായകനെന്ന നിലയിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീന ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയിരുന്ന താരം ഫോം വീണ്ടെടുത്താൽ മെസിക്ക് ശേഷം ടീമിന്റെ നായകൻ ലൗടാരോ ആയിരിക്കാൻ സാധ്യതയുണ്ട്. താരം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് സ്കലോണി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Lautaro Martinez Won 1st Title As Inter Captain