ഇത് ലയണൽ മെസിക്ക് മാത്രം കഴിയുന്നത്, വീണു കിടക്കുന്ന എതിരാളിയെ ഡ്രിബിൾ ചെയ്‌ത്‌ അർജന്റീന താരം | Lionel Messi

പ്രീ സീസൺ മത്സരങ്ങളിൽ വളരെ ദയനീയമായ പ്രകടനം നടത്തിയ ഇന്റർ മിയാമി എംഎൽഎസ് സീസണിലെ ആദ്യത്തെ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തുകയും വിജയം സ്വന്തമാക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. എംഎൽഎസ് പുതിയ സീസണിലെ ആദ്യത്തെ മത്സരമായിരുന്നു നടന്നത്.

മത്സരത്തിൽ ലയണൽ മെസി തന്നെയാണ് മികച്ച പ്രകടനം നടത്തിയത്. ഇന്റർ മിയാമിയുടെ മുന്നേറ്റങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച താരം ഒരു ഗോളിന് അസിസ്റ്റ് നൽകുകയും മറ്റൊരു ഗോളിന് കാരണമായ നീക്കത്തിന് തുടക്കമിട്ടു പ്രീ അസിസ്റ്റ് നൽകുകയും ചെയ്‌തു. റോബർട്ട് ടെയ്‌ലർ, ഡീഗോ ഗോമസ് എന്നീ താരങ്ങളാണ് ഇന്റർ മിയാമിയുടെ ഗോളുകൾ നേടിയത്.

അതേസമയം മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് ലയണൽ മെസി നടത്തിയ ഒരു ഡ്രിബിളിംഗാണ്. മത്സരത്തിനിടയിൽ സാൾട്ട് ലെക്കിന്റെ ഒരു താരം വീണു കിടക്കുമ്പോൾ പന്തുമായി മുന്നേറി വന്ന ലയണൽ മെസി വീണു കിടക്കുന്ന താരത്തിന്റെ മുകളിലൂടെ പന്തെടുത്ത് ബോക്‌സിലേക്ക് മുന്നേറിപ്പോയത് അവിശ്വസനീയമായ ഒരു കാഴ്‌ചയായിരുന്നു.

ലയണൽ മെസിക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണതെന്നാണ് വീഡിയോ പുറത്തു വന്നതിനു ശേഷം ആരാധകർ എല്ലാവരും പറയുന്നത്. കളിക്കളത്തിൽ ലയണൽ മെസി ഒരു ദയവും കാണിക്കില്ലെന്നും തന്റെ എതിരാളികളെ ഇതിനു മുൻപ് നിരവധി തവണ നാണം കെടുത്തിയിട്ടുള്ള താരത്തിന്റെ മറ്റൊരു മനോഹരമായ നീക്കമാണ് ഇവിടെ കണ്ടതെന്നും പലരും അഭിപ്രായപ്പെടുന്നു.

മത്സരത്തിൽ വിജയം സ്വന്തമാക്കിയത് ഇന്റർ മിയാമിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്. ഈ സീസൺ മികച്ച രീതിയിൽ തുടക്കമിട്ടത് കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ സീസൺ കഴിയുന്നതോടെ ഇന്റർ മിയാമിയിലേക്ക് കൂടുതൽ സൂപ്പർതാരങ്ങളെത്താനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

Lionel Messi Dribbled A Player Who Was Down