അങ്ങിനെയൊരു ഗോൾ ലയണൽ മെസി ഒരുപാട് ആഗ്രഹിക്കുന്നുണ്ടോ, വീണ്ടും ശ്രമം നടത്തി അർജന്റീന താരം | Lionel Messi

പുതിയ എംഎൽഎസ് സീസണിലെ ആദ്യത്തെ മത്സരത്തിൽ തന്നെ ഇന്റർ മിയാമി മികച്ച വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ പതിനാലു തവണയും എംഎൽഎസിലെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയിട്ടില്ലാത്ത സാൾട്ട് ലേക്ക് എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു വിട്ടാണ് ഇന്റർ മിയാമി പുതിയ സീസണിന് തുടക്കമിട്ടത്.

മത്സരത്തിൽ ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളിന് അസിസ്റ്റ് നൽകിയ താരം ടീമിന്റെ മുഴുവൻ മുന്നേറ്റങ്ങളിലും നിർണായകമായ സംഭാവന ചെയ്‌തു. ഗോൾ നേടുന്നതിന്റെ തൊട്ടരികിൽ പല തവണ താരം എത്തിയിരുന്നെങ്കിലും അതൊന്നും മുതലാക്കാൻ കഴിഞ്ഞില്ല. എന്നാൽ താരം നടത്തിയ പ്രകടനം ടീമിന് പ്രതീക്ഷ നൽകുന്നതാണ്.

അതേസമയം മത്സരത്തിൽ ലയണൽ മെസി ഒരു ഒളിമ്പിക്കോ ഗോൾ നേടാനുള്ള ശ്രമം നടത്തിയിരുന്നു. മത്സരത്തിനിടയിൽ ലഭിച്ച ഒരു കോർണർ നേരിട്ട് വലക്കുള്ളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് മെസി നടത്തിയത്. താരത്തിന്റെ കിക്ക് വലക്കുള്ളിലേക്ക് തന്നെയാണ് പോയതെങ്കിലും അവസാന സെക്കൻഡിൽ ഗോൾകീപ്പർ അത് പുറത്തേക്ക് തട്ടിയിട്ടു കളഞ്ഞു.

അടുത്ത കാലത്തായി ലയണൽ മെസി ഒളിമ്പിക്കോ ഗോളുകൾക്ക് വേണ്ടി ശ്രമം നടത്തുന്നത് കൂടുതലാണ്. ഇതിനു മുൻപ് ഒക്ടോബർ മാസത്തിൽ പാരഗ്വായ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലും മെസി സമാനമായ രീതിയിൽ കോർണറിൽ നിന്നും ഗോൾ നേടാൻ ശ്രമം നടത്തിയിരുന്നു. അന്നും അത് ഗോൾകീപ്പർ തടഞ്ഞിട്ടു വിഫലമാക്കുകയാണുണ്ടായത്.

ഒരു ഒളിമ്പിക്കോ ഗോൾ നേടണമെന്ന ആഗ്രഹം ലയണൽ മെസിക്കുണ്ടെന്നാണ് ആരാധകരിൽ പലരും പറയുന്നത്. അതിനു വേണ്ടിയുള്ള ശ്രമമാണ് താരം നടത്തുന്നതെന്നും അവർ വെളിപ്പെടുത്തുന്നു. കരിയറിൽ ഇതുവരെ ഒളിമ്പിക്കോ ഗോൾ മെസി നേടിയിട്ടില്ല. ഇപ്പോൾ സമ്മർദ്ദമൊന്നുമില്ലാതെ കളിക്കുന്ന മെസി അതിനു വേണ്ടിയുള്ള മെസിയുടെ ശ്രമം വിജയം കാണുമെന്നതിൽ സംശയമില്ല.

Lionel Messi Tried For Olimpico Goal