ലയണൽ മെസിയുടെ കരിയർ തന്നെ അവസാനിക്കുമായിരുന്നു, മാരകമായ ഫൗളിൽ നിന്നും താരം രക്ഷപ്പെട്ടത് തലനാരിഴക്ക് | Lionel Messi
നാഷ്വിൽ എഫ്സിക്കെതിരെ കുറച്ചു സമയം മുൻപ് നടന്ന കോൺകാഫ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇന്റർ മിയാമി പിന്നിൽ നിന്നും തിരിച്ചുവന്നാണ് സമനില നേടിയത്. സ്വന്തം മൈതാനത്ത് നാൽപത്തിയാറാം മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ നാഷ്വില്ലിനെതിരെ ഇഞ്ചുറി ടൈമിലെ ഗോളടക്കം രണ്ടു ഗോളുകൾ നേടി ഇന്റർ മിയാമി സമനില നേടിയെടുക്കുകയായിരുന്നു.
മത്സരത്തിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ ലയണൽ മെസി മാരകമായ ഒരു ഫൗളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പന്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് നാഷ്വിൽ താരം മെസിയുടെ മുട്ടുകാലിനു താഴെ ചവുട്ടിയത്. ആ ചവിട്ടു കിട്ടിയ ഉടനെ മെസി കാൽ പിൻവലിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ കരിയർ തന്നെ അവസാനിപ്പിക്കുന്ന പരിക്കായി അത് മാറിയേനെ.
Messi was shaken up after this play, but remained in the match. pic.twitter.com/NxeQMikbVU
— FOX Soccer (@FOXSoccer) March 8, 2024
മെസിയുടെ പരിചയസമ്പത്തും മനഃസാന്നിധ്യവും തന്നെയാണ് ആ ഫൗളിൽ നിന്നും താരത്തെ രക്ഷിച്ചത്. മാരകമായ ഫൗളാണ് നടക്കാൻ പോകുന്നതെന്ന് മനസിലാക്കിയ താരം ഉടനെ തന്നെ തന്റെ കാൽ വലിക്കുകയും നിലത്ത് വീഴുകയും ചെയ്തു. അതിനു ശേഷം മെഡിക്കൽ ടീം പരിശോധന നടത്തി താരം കളിക്കളത്തിലേക്ക് തിരിച്ചു വന്നു. റെഡ് കാർഡ് അർഹിക്കുന്ന ഫൗളായിരുന്നെങ്കിലും റഫറി അത് നൽകിയില്ല.
മത്സരത്തിൽ ലയണൽ മെസി സുവാരസ് കൂട്ടുകെട്ടാണ് ഇന്റർ മിയാമിയുടെ തിരിച്ചുവരവിന് കാരണമായത്. രണ്ടാം പകുതിയിൽ സുവാരസ് നൽകിയ പാസിൽ നിന്നും ഇന്റർ മിയാമിയുടെ ആദ്യത്തെ ഗോൾ മെസി നേടി. ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടിലാണ് താരം വല കുലുക്കിയത്. അതിനു ശേഷം ഇഞ്ചുറി ടൈമിൽ സുവാരസ് ടീമിന്റെ തോൽവി ഒഴിവാക്കിയ രണ്ടാമത്തെ ഗോളും നേടി.
മത്സരത്തിൽ ലയണൽ മെസി ഗുരുതരമായ പരിക്കിൽ നിന്നും രക്ഷപ്പെട്ടത് അർജന്റീന ആരാധകർക്ക് ആശ്വാസം തന്നെയാണ്. ഏതാനും മാസങ്ങൾക്കകം കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കേണ്ട താരമാണ് ലയണൽ മെസി. അതിനു പുറമെ ഒളിമ്പിക്സിലും പങ്കെടുക്കാൻ സാധ്യതയുള്ള താരത്തിന് പരിക്കൊന്നും പറ്റരുതെന്ന പ്രാർത്ഥനയിലാണ് ആരാധകർ.
Lionel Messi Escaped From A Career Ending Tackle