ഇതുവരെയുള്ള ലക്ഷ്യങ്ങൾ പൂർത്തിയാക്കി, ബാലൺ ഡി ഓർ തനിക്ക് പ്രധാനമല്ലെന്ന് ലയണൽ മെസി | Messi
ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിന് ശേഷം വ്യക്തിഗത പുരസ്കാരങ്ങൾ ഒന്നൊന്നായി ലയണൽ മെസിയെത്തേടി വരുന്നുണ്ട്. ആദ്യം ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയ ലയണൽ മെസി അതിനു ശേഷം കായികലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിസ് പുരസ്കാരവും സ്വന്തമാക്കി. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ അതും ലയണൽ മെസി തന്നെ നേടുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ബാലൺ ഡി ഓർ നേട്ടത്തെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നാണ് മെസി പറയുന്നത്.
“ഫുട്ബോൾ ലോകത്തെ ഏറ്റവുമുയർന്ന തലത്തിലുള്ള വ്യക്തിഗത അവാർഡ് എന്ന നിലയിൽ ബാലൺ ഡി ഓർ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാനതിനു യാതൊരു തരത്തിലും പ്രാധാന്യം നൽകിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങൾ ഒരു ഗ്രൂപ്പ് എന്ന നിലയിൽ സ്വന്തമാക്കുന്നവയാണ്, വ്യക്തിഗത പുരസ്കാരങ്ങളല്ല.” ലയണൽ മെസി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
🚨 Leo Messi: “What do I think about another Ballon d’Or? I always said that this is an award that means so much in football and it’s one of the best awards on individual level, but I never gave it so much importance to that as I always said that I prefer club trophies. To be… pic.twitter.com/mAOeU3nxp5
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 17, 2023
“കരിയറിൽ എല്ലാം നേടാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാനാണ്. ലോകകപ്പിന് ശേഷം ഞാൻ ഈ അവാർഡിനെ കുറിച്ച് വളരെക്കുറച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ അവാർഡ് അതായിരുന്നു, ആ നിമിഷം ഞാൻ എന്നും ഓർക്കുന്നു. എന്റെ കരിയറിലെ എല്ലാ ലക്ഷ്യങ്ങളും നേടാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോൾ ഈ ക്ലബിനൊപ്പം എനിക്ക് പുതിയ ലക്ഷ്യങ്ങളുണ്ട്.” ലയണൽ മെസി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നിലവിൽ ഈ വർഷത്തിൽ രണ്ടു പ്രധാന വ്യക്തിഗത പുരസ്കാരങ്ങൾക്ക് ലയണൽ മെസി അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം തന്നെ പ്രഖ്യാപിക്കുന്ന യുവേഫ ബെസ്റ്റ് പ്ലേയർ പുരസ്കാരമാണ് അതിലൊന്ന്. എന്നാൽ ഈ പുരസ്കാരത്തിൽ മെസിക്ക് ഭീഷണിയായി ഹാലൻഡും കെവിൻ ഡി ബ്രൂയ്നുമുണ്ട്. അതേസമയം ബാലൺ ഡി ഓറിൽ ലയണൽ മെസിക്ക് തന്നെയാണ് കൃത്യമായ മുൻതൂക്കമുള്ളത്.
Lionel Messi Makes Ballon Dor Claim