കോപ്പ അമേരിക്കയോടെ സ്‌കലോണി യുഗത്തിനു അവസാനമാകുമോ, ഓഫറുമായി യൂറോപ്യൻ വമ്പന്മാർ | Lionel Scaloni

അർജന്റീന ആരാധകരെ സംബന്ധിച്ച് പ്രിയപ്പെട്ട പരിശീലകനാണ് ലയണൽ സ്‌കലോണി. ഒരു സീനിയർ ടീമിനെപ്പോലും പരിശീലിപ്പിച്ചിട്ടില്ലാതിരുന്ന അദ്ദേഹം അർജന്റീനയുടെ പ്രധാന പരിശീലകനായപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ലോകകപ്പ് ഉൾപ്പെടെ സാധ്യമായ മൂന്നു വമ്പൻ കിരീടങ്ങളും അർജന്റീനക്ക് സ്വന്തമാക്കി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്‌കലോണിയുടെ ഭാവിയെ സംബന്ധിച്ച് നിരവധി ആശങ്കകൾ സമീപകാലത്ത് ഉണ്ടായിരുന്നു. ബ്രസീലുമായി നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം ഉടനെ ടീം വിടുകയാണെന്ന സൂചന അദ്ദേഹം നൽകിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നീട് ആ വിഷയങ്ങളെല്ലാം പരിഹരിക്കപ്പെട്ടെങ്കിലും കോപ്പ അമേരിക്കക്ക് ശേഷം അദ്ദേഹം അർജന്റീനക്കൊപ്പം ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങളുണ്ട്.

എന്തായാലും ലയണൽ സ്‌കലോണിക്കായി യൂറോപ്യൻ ക്ലബുകൾ ശ്രമം നടത്തിത്തുടങ്ങിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റലിയിലെ വമ്പൻ ക്ലബായ എസി മിലാനാണ് ഇപ്പോൾ സ്‌കലോണിക്കായി ശ്രമം നടത്തുന്നത്. ക്ലബ് നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സ്‌റ്റെഫാനോ പയോളി നയിക്കുന്ന എസി മിലാൻ രണ്ടു സീസണുകൾക്ക് മുൻപേ ഇറ്റാലിയൻ ലീഗിൽ ചാമ്പ്യന്മാർ ആയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു സീസണിൽ ആ മികവ് പുലർത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീം ഇത്തവണ രണ്ടാമതാണെങ്കിലും ഇന്റർ മിലാനെക്കാൾ വലിയ പോയിന്റ് വ്യത്യാസമുണ്ട്. ഇതാണ് പുതിയ പരിശീലകനെ അവർ തേടുന്നതിന്റെ പ്രധാന കാരണം.

ലയണൽ സ്‌കലോണി അർജന്റീനയെ മികവിലേക്ക് നയിച്ചത് തന്നെയാണ് അവർ അദ്ദേഹത്തെ പരിഗണിക്കാൻ കാരണം. എസി മിലാനെ യൂറോപ്പിലെ വമ്പന്മാരാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. എന്തായാലും കോപ്പ അമേരിക്കക്ക് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമറിയുക. സ്‌കലോണി അർജന്റീന വിട്ടാൽ അതവർക്ക് വലിയൊരു തിരിച്ചടി തന്നെയാകും.

Lionel Scaloni Contacted By AC Milan