അർജന്റീന പ്രൊജക്റ്റിൽ സ്‌കലോണിക്ക് സംശയങ്ങൾ, അടുത്ത ലോകകപ്പിൽ ഉണ്ടായേക്കില്ല

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയത് മെസിയുടെ മാത്രം മികവ് കൊണ്ടല്ലെന്ന് ഇവർക്കുമറിയാവുന്ന കാര്യമാണ്. മെസിയെ കേന്ദ്രീകരിച്ച് മികച്ചൊരു ടീമിനെ പടുത്തുയർത്തിയ ലയണൽ സ്‌കലോണിയെന്ന പരിശീലകനാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന നേടിയെടുത്ത വിജയങ്ങളിലെ പ്രധാനി. 2018 ലോകകപ്പിന് ശേഷം അദ്ദേഹം ആരംഭിച്ച പ്രൊജക്റ്റാണ് 2022 ആകുമ്പോഴേക്കും അർജന്റീന മൂന്നു കിരീടങ്ങൾ നേടാൻ കാരണമായത്.

ഖത്തർ ലോകകപ്പോടെ അർജന്റീന ടീമുമായുള്ള സ്‌കലോണിയുടെ കരാർ അവസാനിച്ചതാണ്. എന്നാൽ അദ്ദേഹം ടീമിനൊപ്പം പുതിയ കരാർ ഒപ്പിടുമെന്ന കാര്യം കഴിഞ്ഞ സെപ്‌തംബറിൽ തന്നെ അംഗീകരിച്ചുവെന്ന് അർജന്റീന ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് പുതിയ കരാർ നൽകാനുള്ള നീക്കങ്ങൾ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നടത്തുകയാണ്.

പുതിയ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് സ്‌കലോണിയും ടാപ്പിയയും തമ്മിലുള്ള ചർച്ചകൾ പാരീസിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കരാർ അടുത്ത ലോകകപ്പ് വരെ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അർജന്റീനയുടെ പ്രൊജക്റ്റിൽ സ്‌കലോണിക്ക് ചില സംശയങ്ങളുണ്ടെന്നും അതിനാൽ ലോകകപ്പ് വരെ കരാർ അദ്ദേഹം ഒപ്പിടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകകപ്പ് വരെയുള്ള കരാർ ഒപ്പിട്ടാലും അടുത്ത കോപ്പ അമേരിക്ക കഴിഞ്ഞാൽ ടീമിൽ നിന്നും അദ്ദേഹം പുറത്തു പോകാനുള്ള ഉടമ്പടി വെച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ വ്യക്തമാക്കുന്നു.

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ സീനിയർ താരങ്ങളായ ലയണൽ മെസി, നിക്കോളാസ് ഒട്ടമെൻഡി, ഏഞ്ചൽ ഡി മരിയ തുടങ്ങിയവരെല്ലാം അടുത്ത കോപ്പ അമേരിക്ക വരെ മാത്രമേ കളിക്കാനുള്ള സാധ്യതയുള്ളൂ. അവർ ദേശീയ ടീമിന്റെ പടിയിറങ്ങുമ്പോൾ അതിനൊപ്പം സ്‌കലോണി കൂടി പോയാൽ അത് ടീമിന് വലിയ തിരിച്ചടി നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ അദ്ദേഹം 2026 ലോകകപ്പ് വരെ തുടരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.