പ്ലേ ഓഫടുത്തപ്പോൾ തോൽവികൾ തുടർക്കഥയാക്കി ബ്ലാസ്റ്റേഴ്‌സ്, ഹൈദെരാബാദിനോടും പരാജയം

ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിന് പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ഹൈദെരാബാദാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്. അവസാന എട്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങുന്ന ആറാമത്തെ തോൽവിയായിരുന്നു ഇന്നലത്തേത്. ഇതോടെ ഗ്രൂപ്പിലെ അഞ്ചാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിനുള്ള യോഗ്യത മത്സരത്തിലേക്ക് കടക്കുന്നത്.

കൊച്ചിയുടെ മൈതാനത്ത് ഹൈദരാബാദ് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇരുപത്തിയൊമ്പതാം മിനുട്ടിൽ അവർ മുന്നിലെത്തി. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഹോളിചരൻ നേർസാരിയുടെ പാസിൽ ബോർഹ ഹെരേരയാണ് മനോഹരമായ ഫിനിഷിംഗിലൂടെ ഹൈദരാബാദിനെ മുന്നിലെത്തിച്ചത്. അതിനു പിന്നാലെ ഹൈദരാബാദ് രണ്ടാമത്തെ ഗോൾ നേടിയെങ്കിലും റഫറി പിന്നീടത് നിഷേധിച്ചു. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ഒരു പെനാൽറ്റി അപ്പീലും പരിഗണിക്കപ്പെട്ടില്ല.

രണ്ടാം പകുതിയിൽ തിരിച്ചു വരാൻ വേണ്ടി ബ്ലാസ്റ്റേഴ്‌സ് പൊരുതിയെങ്കിലും കരുത്തരായ ഹൈദെരാബാദിനെതിരെ കൃത്യമായ അവസരങ്ങളൊന്നും ഉണ്ടാക്കിയെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. മറുവശത്ത് ഹൈദെരാബാദും മുന്നേറ്റങ്ങൾ സംഘടിപ്പിച്ചെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു നിർത്തി. മത്സരത്തിൽ തോൽവി വഴങ്ങിയാൽ പോലും പോയിന്റ് നിലയിലെ തങ്ങളുടെ സ്ഥാനത്തെ ബാധിക്കില്ലെന്നതു കൊണ്ട് ഹൈദരാബാദ് അനായാസം കളിച്ച് വിജയം സ്വന്തമാക്കി.

മത്സരത്തിൽ വിജയം നേടിയാൽ പോലും നാലാം സ്ഥാനത്തേക്ക് മുന്നേറാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയില്ലായിരുന്നു. എന്നാൽ അവസാനത്തെ എട്ടു മത്സരങ്ങളിൽ ആറെണ്ണത്തിലും തോൽവി വഴങ്ങിയതോടെ ഈ സീസണിൽ കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്ന ആരാധകരുടെ പ്രതീക്ഷ മങ്ങിയിട്ടുണ്ട്. നാലാം സ്ഥാനം പോലും നേടാൻ കഴിയാത്തതിനാൽ പ്ലേ ഓഫ് യോഗ്യത നേടാൻ ബെംഗളൂരു എഫ്‌സിക്കെതിരെ നടക്കുന്ന മത്സരം സ്വന്തം മൈതാനത്ത് കളിക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിയില്ല.