അർജന്റീന ടീമിലെ തന്റെ പ്രിയപ്പെട്ട സ്‌ട്രൈക്കറെ വെളിപ്പെടുത്തി ലയണൽ സ്‌കലോണി

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിൽ അണിനിരത്തിയ താരങ്ങളെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ പരിശീലകനായ ലയണൽ സ്‌കലോണിക്ക് കഴിഞ്ഞിരുന്നു. ആദ്യത്തെ മത്സരത്തിൽ ടീം തോൽവിയേറ്റു വാങ്ങിയെങ്കിലും പിന്നീട് ടീമിന്റെ തന്ത്രങ്ങൾക്ക് അനുസൃതമായ താരങ്ങളെ കൃത്യമായി വിനിയോഗിക്കാൻ കഴിഞ്ഞതാണ് അർജന്റീനയെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. ഓരോ താരങ്ങളും തങ്ങളെ ഏൽപ്പിച്ച ജോലി കൃത്യമായി നിർവഹിച്ചു.

എന്നാൽ ലോകകപ്പിന് മുൻപ് മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുകയും ടൂർണമെന്റിൽ നിറം മങ്ങുകയും ചെയ്‌ത താരമാണ് ടീമിന്റെ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസ്. ടൂർണമെന്റിൽ ഒരു ഗോൾ പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം രണ്ടു ഷൂട്ടൗട്ടുകളിൽ പെനാൽറ്റി കൃത്യമായി ഗോളാക്കി മാറ്റിയതാണ് പ്രധാനനേട്ടം. എന്നാൽ അർജന്റീന ടീമിൽ തന്റെ പ്രിയപ്പെട്ട സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനസാണെന്നാണ് പരിശീലകൻ സ്‌കലോണി പറയുന്നത്.

“എനിക്ക് വളരെ പ്രധാനപ്പെട്ട താരമാണ് ലൗടാരോ മാർട്ടിനസ്. എല്ലായിപ്പോഴും എന്റെ പ്രിയപ്പെട്ട സ്‌ട്രൈക്കറായ താരത്തെ വ്യക്തിയെന്ന നിലയിലും എനിക്ക് ഇഷ്‌ടമാണ്‌. പരിക്കിന്റെ പ്രശ്‌നങ്ങളുമായാണ് താരം ലോകകപ്പിനായി എത്തിയത്, എന്നാൽ ഹോളണ്ടിനെതിരെ ടീമിന് ആവശ്യമുള്ളപ്പോൾ താരം അവിടെയുണ്ടായിരുന്നു.” ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം സ്കൈ സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

മെസി കഴിഞ്ഞാൽ ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം അർജന്റീന ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് ലൗടാരോ മാർട്ടിനസ്. ലോകകപ്പിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ക്ലബിനായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്. അർജന്റീന ടീമിലെ പ്രധാന സ്‌ട്രൈക്കർ താൻ തന്നെയാകുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരമിപ്പോൾ ക്ലബായ ഇന്റർ മിലാനു വേണ്ടി നടത്തുന്നത്.