മെസിയുടെ ബാഴ്‌സലോണ സന്ദർശനം പലതും തീരുമാനിച്ച്, ലപോർട്ടയും മെസിയുടെ പിതാവും കൂടിക്കാഴ്‌ച നടത്തി

ലില്ലെക്കെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലയണൽ മെസിയാണ് പിഎസ്‌ജിക്ക് വിജയം നേടിക്കൊടുത്ത ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ നേടിയ ഫ്രീ കിക്ക് ഗോളിൽ വിജയം നേടിയതിനു പിന്നാലെ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് മടങ്ങിയിരുന്നു. ലോകകപ്പിന് ശേഷം ആദ്യമായാണ് മെസി ബാഴ്‌സലോണയിൽ എത്തുന്നത്. മെസിയുടെ ബാഴ്‌സലോണ സന്ദർശനത്തിന് പിന്നിൽ ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള യാതൊരു പദ്ധതിയും ഇല്ലെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ലയണൽ മെസി ബാഴ്‌സലോണയിൽ എത്തിയതിനു പിന്നാലെ ബാഴ്‌സലോണ പ്രസിഡൻറും മെസിയുടെ പിതാവും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മെസിയും പിഎസ്‌ജിയും തമ്മിൽ നടത്തുന്ന കരാർ ചർച്ചകൾ എവിടെയും എത്താതെ നിൽക്കുന്ന സമയത്ത് ഇതുപോലൊരു കൂടിക്കാഴ്‌ച നടത്തിയെന്ന കാറ്റലോണിയ റേഡിയോ പുറത്തുവിട്ട വാർത്ത ബാഴ്‌സലോണ ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.

ലയണൽ മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റും തമ്മിൽ നടത്തിയ ചർച്ചകൾ താരത്തിന്റെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചു വരവിനുള്ള സാധ്യത തേടുന്നതായിരുന്നു. അതിനു പുറമെ മെസിക്ക് ആദരവ് നൽകുന്ന കാര്യവും ഇരുവരും ചർച്ച ചെയ്‌തു. ലയണൽ മെസി ബാഴ്‌സലോണ വിടാനുണ്ടായ സാഹചര്യം ചർച്ച ചെയ്‌ത ഇരുവരും മെസിയുടെ സഹോദരൻ ക്ലബിനും പ്രസിഡന്റിനും എതിരെ നടത്തിയ പരാമർശങ്ങളെക്കുറിച്ചും സംസാരിച്ചു.

അതിനിടയിൽ തന്റെ മുൻ സഹതാരങ്ങളെ മെസി സന്ദർശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽബ എന്നിവർ മെസിക്കൊപ്പം നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു മെസിയും ബാഴ്‌സലോണയും തമ്മിൽ കൂടുതൽ അടുക്കുന്നതിൽ സാവിയുടെ ഇടപെടലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ താരത്തെ സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതി ബാഴ്‌സലോണക്കുണ്ടോ എന്നതാണ് സംശയമുള്ള കാര്യം.