ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച മുന്നേറ്റനിര സഖ്യം വീണ്ടുമൊരുമിക്കുന്നു, ലൂയിസ് സുവാരസ് ഇന്റർ മിയാമിയിലേക്കെന്നുറപ്പായി | Luis Suarez

ലിവർപൂളിൽ നിന്നും 2014ൽ ബാഴ്‌സലോണയിലെത്തിയ യുറുഗ്വായ് താരമായ ലൂയിസ് സുവാരസ് ആറു വർഷമാണ് അവിടെ കളിച്ചത്. ആ കാലഘട്ടത്തിൽ ഒരു ക്ലബിനൊപ്പം സ്വന്തമാക്കാൻ കഴിയുന്ന എല്ലാ കിരീടങ്ങളും താരം സ്വന്തമാക്കുകയുണ്ടായി. യൂറോപ്പിൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തുടർച്ചയായി ടോപ് സ്‌കോറർ സ്ഥാനം സ്വന്തമാക്കിയിരുന്ന സമയത്ത് അവരെ മറികടന്ന് രണ്ടു തവണ ഗോൾഡൻ ഷൂ സ്വന്തമാക്കിയത് മാത്രം മതി സുവാരസിന്റെ നിലവാരം മനസിലാക്കാൻ.

തന്റെ മികച്ച പ്രകടനത്തിനൊപ്പം ലൂയിസ് സുവാരസ് ലയണൽ മെസിയോട് നല്ലൊരു സൗഹൃദവും ഉണ്ടാക്കിയെടുത്തിരുന്നു. മെസിയും സുവാരസും നെയ്‌മറും അടങ്ങുന്ന സഖ്യം യൂറോപ്പിലെ എല്ലാ ടീമുകളുടെയും മുട്ടിടിപ്പിച്ചിരുന്നതായിരുന്നു. നെയ്‌മർ പിന്നീട് ക്ലബ് വിട്ടെങ്കിലും ലൂയിസ് സുവാരസും മെസിയും പിന്നീടും ബാഴ്‌സലോണയിൽ തുടർന്നു. കളിക്കളത്തിലും പുറത്തും ഈ രണ്ടു താരങ്ങളും കാണിക്കുന്ന അപാരമായ സ്നേഹവും അടുപ്പവും മുൻപ് തന്നെ ചർച്ചയായിട്ടുള്ളതാണ്.

ഈ രണ്ടു താരങ്ങളും വീണ്ടും കളിക്കളത്തിൽ ഒരുമിക്കാൻ പോവുകയാണെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയപ്പോൾ തന്നെ ലൂയിസ് സുവാരസും അവിടേക്കെത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന സമയത്തു തന്നെ ഒരുമിച്ച് കളിച്ച് കരിയർ അവസാനിപ്പിക്കാനുള്ള പദ്ധതി തനിക്കും മെസിക്കും ഉണ്ടായിരുന്നുവെന്ന് സുവാരസ് അടുത്ത കാലത്ത് വെളിപ്പെടുത്തിയത് യാഥാർഥ്യമാകാൻ പോവുകയാണ്.

മുണ്ടോ ഡീപോർറ്റീവോ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്റർ മിയാമിയും ലൂയിസ് സുവാരസും തമ്മിൽ ട്രാൻസ്‌ഫർ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസൺ എംഎൽഎസ് ഫെബ്രുവരിയിൽ ആരംഭിക്കുന്നതിനു മുൻപേ തന്നെ മുപ്പത്തിയാറുകാരനായ താരത്തെ സ്വന്തമാക്കാനാണ് ഇന്റർ മിയാമി ഒരുങ്ങുന്നത്. കളിക്കളത്തിലും പുറത്തും വളരെയധികം ഒത്തിണക്കം കാണിക്കുന്ന ഈ രണ്ടു താരങ്ങളും ഒരുമിക്കുന്നത് ഇന്റർ മിയാമിക്കു മുന്നേറ്റമുണ്ടാക്കാൻ സഹായിക്കും.

ബാഴ്‌സലോണ വിട്ടതിനു ശേഷം അത്ലറ്റികോ മാഡ്രിഡിലെത്തിയ സുവാരസ് അവർക്കൊപ്പം ലാ ലിഗ കിരീടം സ്വന്തമാക്കിയിരുന്നു. അതിനു ശേഷം ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ എത്തിയ താരം ഈ സീസണിൽ ഇരുപതു ഗോളുകളിൽ ടീമിനായി പങ്കാളിയായിട്ടുണ്ട്. മുപ്പത്തിയാറുകാരനായ താരം കൂടി എത്തുന്നതോടെ ഇന്റർ മിയാമിയിലെ മുൻ ബാഴ്‌സലോണ താരങ്ങളുടെ എണ്ണം നാലാകും. അതിനു പുറമെ നിലവിലെ കരാർ അവസാനിച്ചാൽ സെർജി റോബർട്ടോയെ സ്വന്തമാക്കാനും ഇന്റർ മിയാമിക്ക് പദ്ധതിയുണ്ട്.

Luis Suarez Close To Join Inter Miami