നായകനായതിനു ശേഷം ഇരട്ടി കരുത്ത്, ലൂണയല്ലാതെ മറ്റാർക്കാണ് ഇതിനു യോഗ്യത; കയ്യടിച്ച് ആരാധകർ | Luna

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നായകനായി ഈ സീസണിൽ ഇറങ്ങുമ്പോൾ അഡ്രിയാൻ ലൂണയുടെ കരുത്ത് ഇരട്ടിയായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ സീസണിൽ അഞ്ചു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഇറങ്ങിയ താരം അതിൽ നിന്നും മൂന്നു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. അതിൽ മൂന്നു ജയവും ഒരു സമനിലയും നേടി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതിന്റെ പ്രധാന കാരണം യുറുഗ്വായ് താരം തന്നെയാണ്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ഒക്ടോബർ മാസത്തിൽ ടീമിലെ മികച്ച താരത്തെ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം സ്വന്തമാക്കിയത് അഡ്രിയാൻ ലൂണയായിരുന്നു. ഒക്ടോബറിൽ നാല് മത്സരങ്ങൾ കളിച്ച താരത്തിന് അതിൽ മുംബൈ സിറ്റിക്കെതിരെ മാത്രമാണ് ഗോളിൽ പങ്കാളിയാകാൻ കഴിയാതിരുന്നത്. ജംഷഡ്‌പൂരിനെതിരെ ടീമിന്റെ വിജയഗോൾ നേടിയ താരം നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു അസിസ്റ്റ് സ്വന്തമാക്കി. ഒഡിഷക്കെതിരെ കഴിഞ്ഞ മത്സരത്തിലും ടീമിന്റെ വിജയഗോൾ നേടിയത് താരമായിരുന്നു. ഡൈസുകെ, ഡാനിഷ്, സച്ചിൻ എന്നിവരെ വലിയ വ്യത്യാസത്തിലാണ് ലൂണ പിന്നിലാക്കിയത്.

നാല് മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് നവംബറിൽ സ്വന്തമാക്കിയത്. ഇതുപോലെയൊരു പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സിലെ മറ്റൊരു താരത്തിനും നടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒക്ടോബറിലെ മികച്ച ഗോളായി തിരഞ്ഞെടുത്തതും അഡ്രിയാൻ ലൂണയുടെ ഗോൾ തന്നെയാണ്. ഒഡിഷ എഫ്‌സിക്കെതിരെ അവിശ്വസനീയമായ രീതിയിൽ ഗോൾകീപ്പറുടെ തലക്കു മുകളിലൂടെ വലയിലേക്കെത്തിച്ച വിജയഗോളാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

ടീമിന്റെ നായകനായതിനു ശേഷമുള്ള അഡ്രിയാൻ ലൂണയുടെ മികച്ച ഫോമും പ്രകടനവും ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ഗോളുകൾ നേടുന്നതും അതിനു അവസരങ്ങൾ ഉണ്ടാക്കുന്നതിനും പുറമെ കളിക്കളത്തിൽ ഓൾ ഇൻ ഓൾ പ്രകടനം നടത്താനും താരത്തിന് കഴിയുന്നുണ്ട്. പ്രതിരോധത്തിലും നിർണായകമായ പ്രകടനം താരം നടത്തുന്നു. ഈ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കിരീടത്തിലേക്ക് നയിക്കാൻ താരത്തിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടുള്ള സ്നേഹം സീസണിന് മുൻപേ തന്നെ ലൂണ വെളിപ്പെടുത്തിയതാണ്. കരിയർ കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞാൽ വളരെയധികം സന്തോഷമാകുമെന്നാണ് താരം സീസണിനു മുൻപ് പറഞ്ഞത്. ഈ സീസണോടെ ലൂണയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള കരാർ അവസാനിക്കാൻ പോവുകയാണ്. എന്നാൽ കരാർ പുതുക്കാനുള്ള ധാരണകൾ ഉണ്ടെന്നും താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്നുമാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്.

Adrian Luna Won Kerala Blasters October Players Of Month