പണം വേണ്ട, റയൽ മാഡ്രിഡ് മതി; റൊണാൾഡോക്കൊപ്പം കളിക്കാനുള്ള ഓഫർ നിരസിച്ച് സൂപ്പർതാരം
സമകാലീനഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോയുടെ സൗദി ലീഗിലേക്ക് ചേക്കേറാനുള്ള തീരുമാനം ഏവരെയും ആശ്ചര്യപ്പെടുത്തി ഒന്നായിരുന്നു. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാമത്തെ ടോപ് സ്കോററായ താരമാണ് ഈ സീസണിൽ സൗദി അറേബ്യയിൽ കളിക്കുന്നത്. ഈ ട്രാൻസ്ഫറോടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി റൊണാൾഡോ മാറിയെന്നതിൽ സംശയമില്ല. നേരത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന കിലിയൻ എംബാപ്പയേക്കാൾ മുകളിലാണ് 38 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിഫലം.
പണത്തിനു വേണ്ടി റൊണാൾഡോ യൂറോപ്യൻ ലീഗിൽ നിന്നും സൗദി ലീഗിലേക്ക് ചേക്കേറിയെന്ന വിമർശനം ഉയരുമ്പോൾ പണത്തേക്കാൾ വലുതാണ് തന്റെ പ്രിയപ്പെട്ട ക്ലബിനോടുള്ള സ്നേഹമെന്ന് തെളിയിക്കുകയാണ് റയൽ മാഡ്രിഡ് താരമായ ലൂക്ക മോഡ്രിച്ച്. റൊണാൾഡോയെ സ്വന്തമാക്കിയ അൽ നസ്ർ ക്ലബ് വമ്പൻ തുകയുടെ വാഗ്ദാനവുമായി വന്നിട്ടും അതിൽ വീഴാതെ റയൽ മാഡ്രിഡിനൊപ്പം തുടരാനുള്ള തീരുമാനമാണ് മോഡ്രിച്ച് എടുത്തതെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു. ഈ സീസണു ശേഷം റയൽ മാഡ്രിഡ് കരാർ അവസാനിക്കുമെന്നിരിക്കെയാണ് മോഡ്രിച്ച് പുതിയ കരാർ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ സൗദി അറേബ്യൻ ക്ലബിന്റെ വാഗ്ദാനം നിരസിച്ചത്.
മുപ്പതു വയസു കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷം മാത്രം കരാർ നീട്ടി നൽകുകയെന്ന തന്ത്രം യൂറോപ്പിലെ നിരവധി ക്ലബുകൾ സ്വീകരിച്ചു പോരുന്നുണ്ട്. റയൽ മാഡ്രിഡും അതു തന്നെയാണ് ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ കരാർ അവസാനിക്കാനിരുന്ന ലൂക്ക മോഡ്രിച്ചിന് ഒരു വർഷം കൂടി അവർ കരാർ നീട്ടി നൽകിയിരുന്നു. ഈ സീസൺ അവസാനിക്കുന്നതിനു മുൻപ് മോഡ്രിച്ചിന്റെ കരാർ വീണ്ടും പുതുക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ക്ലബ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസിനും പരിശീലകൻ കാർലോ ആൻസലോട്ടിക്കും വളരെയധികം സ്വീകാര്യനായ കളിക്കാരനാണ് ലൂക്ക മോഡ്രിച്ച്.
🚨💣 After Cristiano Ronaldo, Al Nassr want to sign Luka Modrić in the summer. Modrić has already rejected that option. He only wants Real Madrid. @marca pic.twitter.com/CmWDV0JVYI
— Madrid Xtra (@MadridXtra) January 1, 2023
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലീഗും നേടിക്കൊടുക്കാൻ മോഡ്രിച്ച് നിർണായക പങ്കു വഹിച്ചിരുന്നു. ഈ സീസണിലും ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തിൽ മുന്നിൽ തന്നെയുള്ള റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി മോഡ്രിച്ച് ഇറങ്ങുന്നു. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിലും തന്റെ പ്രതിഭ തെളിയിക്കാൻ മോഡ്രിച്ചിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ കളിച്ച ക്രൊയേഷ്യ ഇത്തവണ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ ടീമിന്റെ നായകനായി മധ്യനിരയിൽ കളി നിയന്ത്രിച്ചത് മോഡ്രിച്ചായിരുന്നു.
റയൽ മാഡ്രിഡിനെ സംബന്ധിച്ച് ക്ലബിന്റെ ഇപ്പോഴത്തെ മുഖം കൂടിയാണ് മോഡ്രിച്ച്. അതുകൊണ്ടു തന്നെ താരത്തെ വിട്ടുകൊടുക്കാൻ അവർ തയ്യാറാവില്ലെന്നുറപ്പാണ്. തനിക്ക് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്ലബ് വിട്ട് മോഡ്രിച്ചും പോകില്ല. എത്ര പണം കൊണ്ടു തൂക്കിയാലും മോഡ്രിച്ചിന് റയൽ മാഡ്രിഡിനോടുള്ള സ്നേഹത്തിനു പകരം വെക്കാൻ കഴിയില്ലെന്ന് താരം ഒരിക്കൽക്കൂടി തെളിയിച്ചു. മോഡ്രിച്ച് റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാനുള്ള സാധ്യത കൂടിയാണ് ഇതിലൂടെ തെളിയുന്നത്.