ഇതാവണം, ഇങ്ങിനെയാകണം യഥാർത്ഥ നായകൻ; ഗോളടിക്കാൻ കഴിയാത്ത സഹതാരത്തിനു പൂർണപിന്തുണ നൽകി അഡ്രിയാൻ ലൂണ | Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ചരിത്രനേട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. കടുത്ത പ്രതിരോധവും വമ്പൻ പ്രെസിങ്ങുമായി ജംഷഡ്‌പൂർ എഫ്‌സി കളിച്ച മത്സരത്തിൽ എഴുപത്തിനാലാം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ പിറന്നത്. ടീമിന്റെ നായകൻ അഡ്രിയാൻ ലൂനായാണ് ഗോൾ കുറിച്ചത്. പകരക്കാരനായിറങ്ങിയ ദിമിത്രിയോസുമൊത്തുള്ള ഒരു നീക്കത്തിന് ശേഷമാണ് ലൂണയുടെ ഗോൾ പിറന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ദിമിത്രിയോസ് പരിക്ക് കാരണം ആദ്യത്തെ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല. ഇന്നലത്തെ മത്സരത്തിലും ആദ്യ ഇലവനിൽ താരം ഇല്ലായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായാണ് ദിമിത്രിയോസ് ഇറങ്ങിയത്. അഡ്രിയാൻ ലൂണയുമായി കഴിഞ്ഞ വർഷം ഒരുമിച്ചു കളിച്ചതിന്റെ പരിചയമുള്ളത് താരത്തിന്റെ വരവിനു ശേഷം പ്രകടമായി കണ്ടു. കൂടുതൽ മുന്നേറ്റങ്ങൾ വരികയും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ പിറക്കുകയുമുണ്ടായി.

രണ്ടു മത്സരങ്ങളിലും ലൂണക്കൊപ്പം ആദ്യ ഇലവനിൽ ഇറങ്ങിയത് പുതിയതായി ടീമിലെത്തിയ ഘാന യുവതാരമായ ക്വാമേ പെപ്ര ആയിരുന്നു. ബ്ലാസ്റ്റേഴ്‌സിലും ഇന്ത്യയിലും കളിച്ചു പരിചയമില്ലാത്ത താരം തന്റെ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്നത് ഈ മത്സരങ്ങളിൽ നിന്നും വ്യക്തമായിരുന്നു. എങ്കിലും 22 വയസുള്ള താരമെന്ന നിലയിൽ പെപ്രയുടെ പ്രകടനം പ്രതീക്ഷ നൽകുന്നതു തന്നെയാണ്. മത്സരത്തിന് ശേഷം ലൂണായും ഇത് തന്നെയാണ് വ്യക്തമാക്കിയത്.

“ദിമിത്രിയോസും ഞാനും കഴിഞ്ഞ സീസണിൽ ഒരുമിച്ച് കളിച്ച താരങ്ങളാണ്. ഗോൾ നേടാൻ അത് സഹായിക്കുകയും ചെയ്‌തു. പെപ്രയുടെ കാര്യത്തിൽ, ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്‌പരം മനസിലാക്കാനും ഒത്തിണങ്ങി കളിക്കാനും കുറച്ചു സമയം വേണ്ടി വരും. എന്നാൽ താരം നമുക്ക് വേണ്ടി നിരവധി ഗോളുകൾ നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, അവൻ നമുക്ക് വേണ്ടി മികച്ച പ്രകടനവും നടത്തും.” മത്സരത്തിനു ശേഷം ലൂണ പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യവുമായും ടീമുമായും പെപ്ര പൂർണമായും ഒത്തിണങ്ങിയിട്ടില്ലെന്നത് താരത്തിന്റെ ശരീരഭാഷയിൽ നിന്നു തന്നെ വ്യക്തമാണ്. എങ്കിലും ആദ്യമായി ഇന്ത്യയിൽ കളിക്കുന്ന വെറും ഇരുപത്തിരണ്ടു വയസുള്ള താരം എന്ന നിലയിൽ തന്റെ കഴിവിനനുസരിച്ച് ടീമിന് നൽകാൻ താരം ശ്രമിക്കുന്നുണ്ട്. വരുന്ന മത്സരങ്ങളിൽ ദിമിത്രിയോസാകും ആദ്യ ഇലവനിൽ ഉണ്ടാവുക. പകരക്കാരനായി ഇറങ്ങി കൂടുതൽ പരിചയസമ്പത്ത് ലഭിക്കുന്നത് പെപ്രക്ക് ഗുണം ചെയ്യും.

Adrian Luna Backs Peprah To Shine For Kerala Blasters